ലണ്ടൻ ∙ ‘സാത്താനിക് വെഴ്സസ്’ നോവൽ വിവാദത്തിന്റെ കാലത്ത് സൽമാൻ റുഷ്ദിക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല കൊമൈനി ഫത്‌വ പുറപ്പെടുവിച്ചപ്പോൾ രക്ഷകയായത് മാർഗരറ്റ് താച്ചറെന്ന് വെളിപ്പെടുത്തൽ. ബ്രിട്ടീഷ് മുൻപ്രധാനമന്ത്രി മാർഗരറ്റ് താച്ചറെക്കുറിച്ച് ചാൾസ് മൂർ എഴുതിയ ജീവചരിത്രഗ്രന്ഥത്തിലാണ് ഇക്കാര്യം പറയുന്നത്.
റുഷ്ദിക്കെതിരെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമൈനി വധശിക്ഷാ മതവിധി പുറപ്പെടുവിച്ചപ്പോൾ ഇറാനിലെ തന്നെ നേതാവ് മുഹമ്മദ് ഇക്ബാലിന്റെ സഹായമാണ് താച്ചർ തേടിയത്. ഇക്ബാലിന്റെ സ്നേഹിതയായിരുന്ന പ്രശസ്ത ബ്രിട്ടിഷ് നോവലിസ്റ്റ് ബാർബറ കാർട്‌ലാൻഡ്, മധ്യസ്ഥത വഹിക്കാൻ സഹായിച്ചതായും പുസ്തകത്തിലുണ്ട്. ഇറാൻ പുറപ്പെടുവിച്ച ഫത്വ ഒരു ബ്രിട്ടീഷ് പൗരന്റെ മൗലികഅവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന തന്റെ കാബിനറ്റിന്റെ അഭിപ്രായത്തോട് അവർ യോജിച്ചിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. ബ്രിട്ടീഷ് പൊലീസിന് എതിരെ സൽമാൻ റുഷ്ദി നടത്തിയ വിമർശനങ്ങൾ പോലും കണക്കിലെടുക്കാതെയാണ് റുഷ്ദിക്ക് വേണ്ടി താച്ചർ നിലകൊണ്ടത്.
താച്ചറെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥം വ്യാഴാഴ്ചയാണ് പ്രകാശനം ചെയ്യുന്നത്.