റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തി കാശ്മീർ വിഷയത്തിലെ ഇന്ത്യയുടെ തീരുമാനം കിരീടവകാശിയെ ധരിപ്പിച്ചു. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം റിയാദിൽ ഏറെ നേരം ചർച്ച നടത്തി.യു.എ.ഇ കിരാടാവകാശി മുഹമ്മദ് ബിൻ സയാദ് അൽ നഹയാനും യോഗത്തിൽ പങ്കെടുത്തിരുന്നു. കശ്മീര്‍ വിഷയത്തോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചർച്ചാ വിഷയമായി.
കാശ്മീർ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാൻ ഇമ്രാൻ ഖാൻ കഴിഞ്ഞ മാസം റിയാദ് സന്ദർശനം നടത്തിയിരുന്നു. കാശ്മീർ വിഷയത്തിൽ സൗദി അറേബ്യയെ സ്വാധീനിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമം ഊർജിതമാക്കിയിരിക്കെയാണ് ഇന്ത്യ മറുതന്ത്രം പയറ്റുന്നത്. 10000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി ഒരുങ്ങിയിരിക്കെയാണ് അജിത് ഡോവലിന്റെ സൗദി സന്ദർശനമെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഇമ്രാൻ ഖാൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വേദിയിൽ വെച്ച് കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
അരാം കോയിലെ എണ്ണപ്പാടങ്ങൾക്കെതിരായ ആക്രമണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കശ്മീരിൽ ഇന്ത്യ സ്വീകരിച്ച നടപടികൾ മുഹമ്മദ് ബിൻ സൽമാന് ബോധ്യമായിയെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോർട്ട്.