ഹരിദ്വാർ: സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് അഞ്ച് ഭാര്യമാർ. ഉത്തരാഖണ്ഡ് പൊലീസാണ് ഇത്തരത്തിൽ വട്ടംചുറ്റിയത്. ഹരിദ്വാർ സ്വദേശിയായ റിഷികുൽ ആണ് പൊലീസിനെ കുഴക്കിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റിഷികുൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ റിഷികുലിനെ ഭാര്യ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെയെത്തി മണിക്കൂറുകൾക്ക് ശേഷം ഇയാൾ മരിച്ചു. എന്നാൽ മരണത്തിന് പിന്നാലെ ഒന്നിനുപിറകെ ഒന്നായി നാല് സ്ത്രീകളാണ് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത്. ഇവരെല്ലാം ഇയാളുടെ ഭാര്യയാണെന്ന് അവകാശപ്പെടുകയായിരുന്നു. തികച്ചും പാവപ്പെട്ട സ്ത്രീകളായിരുന്നു അഞ്ച് പേരും. അതുകൊണ്ട് തന്നെ ആർക്കും വിവാഹസർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ല.
അവസാനം അഞ്ച് പേരോടുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയശേഷം അന്ത്യകർമ്മങ്ങൾ ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വന്നുവെന്ന് ഹരിദ്വാർ പൊലീസ് അറിയിച്ചു. ആത്മഹത്യയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.