തിരുവനന്തപുരം: അഹിംസാ സിദ്ധാന്തത്തിന്റെ മഹാപ്രവാചകനായ ഗാന്ധിജിയുടെ സ്മരണ പുതുക്കി, 150-ാം ജന്മദിനത്തിൽ തലസ്ഥാന നഗരഹൃദയത്തിലൂടെ ഒരു തീർത്ഥയാത്ര. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്ര തീർത്തും വേറിട്ടതായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഗംഭീരവും. പതിവു ബഹളങ്ങളില്ല, മൂവർണക്കൊടി ഏന്തി, തലയിൽ ഗാന്ധിതൊപ്പി ധരിച്ച് അടുക്കും ചിട്ടയുമായാണ് യാത്ര ആദ്യവസാനം വരെ നീങ്ങിയത്. യാത്രയിലെ വനിതാ സാന്നിദ്ധ്യവും എടുത്തു പറയേണ്ടതായിരുന്നു. പി.എം.ജി ജംഗ്ഷന് സമീപത്തു നിന്ന് രാവിലെ 11 മണിയോടെയാണ് യാത്ര തുടങ്ങിയത്. ജില്ലയിലെ വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ വാഹനങ്ങളിലും മറ്റുമായി കാലേകൂട്ടി എത്തിച്ചേർന്നു. രണ്ട് വരിയായി വാഹനഗതാഗതത്തിന് തടസം വരാത്ത രീതിയിൽ നീങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായി.
കോൺഗ്രസ് പ്രവർത്തകരുടെ ആവേശമായ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി യാത്രയ്ക്ക് നേതൃത്വം കൊടുത്ത് മുൻ നിരയിൽ നിന്നു. രാഷ്ട്രപിതാവിന്റെ വേഷപ്പകർച്ചയോടെ യാത്രയുടെ മുന്നിൽ നിരന്ന കുരുന്നുകൾ കാഴ്ചക്കാർക്ക് കൗതുകമായി. സത്യത്തിന്റെയും സമത്വത്തിന്റെയും അഹിംസയുടെയും ഗാന്ധി ദർശനം ഉദ്ഘോഷിച്ച് ഏറ്റവും മുന്നിൽ അനൗൺസ്മെന്റ് വാഹനം നീങ്ങി.
സ്മൃതി യാത്ര തുടങ്ങുന്നതിന് തൊട്ടു മുമ്പ് എ.കെ. ആന്റണിയുടെ അനുഗ്രഹം തേടി വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറെത്തി. ഒപ്പം നേതാക്കളുടെ വലിയൊരു നിരയും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർരവി, ടി. ശരത്ചന്ദ്രപ്രസാദ്, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, മുൻഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ, മുൻ എം.എൽ.എമാരായ പാലോട് രവി, വർക്കല കഹാർ, കോൺഗ്രസ് നേതാക്കളായ കെ.പി. അനിൽകുമാർ, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ മുൻനിരയിൽ നടന്നു.പാളയം, സ്റ്രാച്യു, ആയുർവേദ കോളേജ് ജംഗ്ഷൻ, ഓവർബ്രിഡ്ജ് വഴിയാണ് യാത്ര കിഴക്കേകോട്ട ഗാന്ധിപാർക്കിൽ എത്തിയത്. അപ്പോഴേക്കും പാർക്ക് പരിസരവും പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. യാത്രയുടെ മുൻനിര പാർക്കിൽ പ്രവേശിച്ചതോടെ സമ്മേളനം തുടങ്ങി. പ്രസംഗിച്ചത് എ.കെ. ആന്റണി മാത്രം. അധികം ദീർഘിപ്പിക്കാതെ, കാച്ചിക്കുറുക്കിയ വാക്കുകളിൽ ആന്റണി പ്രസംഗം അവസാനിപ്പിച്ചു. സമാപന സമ്മേളനം അവസാനിച്ച് ദേശീയ ഗാനം ആലപിച്ചപ്പോഴും സ്മൃതിയാത്രയുടെ നല്ലൊരു ഭാഗവും ഗാന്ധിപാർക്കിലേക്ക് എത്തിയിരുന്നില്ല.