തൊഴിലാളികൾക്കൊപ്പം ചേർന്ന് വി.കെ. പ്രശാന്ത്
കുടപ്പനക്കുന്ന് ടി.വി.എസ് റോഡിലെ ലക്ഷം വീട് കോളനിയിലെ വീടുകളിൽ വി.കെ. പ്രശാന്ത് പ്രവർത്തകർക്കൊപ്പം നടന്നാണ് എത്തിയത്. മേയർ എന്ന നിലയിൽ താൻ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ടു ചോദിച്ചത്. നടന്ന് കാറിൽ കയറുമ്പോഴേക്കും സമയം ഉച്ചയ്ക്ക് 12.45. നെട്ടയത്ത് ഒരു മരണവീട്ടിൽ പോകണം.
കാർ നേരെ അങ്ങോട്ട്. പക്ഷേ, പേരൂർക്കടയിലെ എസ്.എൻ.ഡി.പി മന്ദിരത്തിനു മുന്നിൽ കാർ നിന്നു. അവിടെ സി.ഐ.ടി.യു മോട്ടോർ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പു യോഗം നടന്നുകഴിഞ്ഞു. ആട്ടോറിക്ഷ തൊഴിലാളികളെ കാണാനായിട്ടായിരുന്നു വി.കെ. പ്രശാന്ത് കാർ നിറുത്തിയത്. പ്രവർത്തകർക്ക് ആഹ്ളാദം. പിന്നെ എല്ലാരും കൂടി ചേർന്നൊരു സെൽഫിയും. പുറത്തിറങ്ങി കടകളിലും വീടുകളിലും കയറി വോട്ടഭ്യർത്ഥിച്ച ശേഷം പ്രശാന്ത് നെട്ടയത്തേക്ക്.
ഗാന്ധിസ്മൃതികളിൽ പങ്കെടുത്ത് കെ. മോഹൻകുമാർ
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്ത ശേഷം ഇന്നലെ വൈകിട്ട് നാലോടെ വട്ടിയൂർക്കാവിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ പ്രചാരണ പരിപാടി തുടങ്ങിയത്. എ.കെ. ആന്റണി നയിച്ച പദയാത്രയിൽ പങ്കെടുത്ത ശേഷം സമ്മോഹനം മാനവിക കൂട്ടായ്മയുടെ ഗാന്ധിജയന്തി ആഘോഷവും യുഡി.എഫ് ഗൗരീശപട്ടം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷപരിപാടിയും മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവ് ജംഗ്ഷനിൽ മോഹൻകുമാറിന് വൻ സ്വീകരണമാണ് പ്രദേശത്തെ യു.ഡി.എഫ് പ്രവർത്തകർ ഒരുക്കിയിരുന്നത്.
കണ്ണന്താനത്തിന്റെ കൈയും പിടിച്ച് എസ്. സുരേഷ്
മുൻകേന്ദ്രന്ത്രി അൽഫോൺസ് കണ്ണന്താനത്തിനൊപ്പമാണ് എൻ.ഡി.എ സ്ഥാനാർത്ഥി വോട്ടു തേടിയത്. രാവിലെ സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലത്തെ സന്ദർശിച്ച ശേഷം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ എച്ച്. പെരേരയെ നന്തൻകോട്ട് സന്ദർശിച്ച് അനുഗ്രഹം തേടി.
യംഗ് ആൻഡ് എനർജറ്റിക് സ്ഥാനാർത്ഥിയാണ് സുരേഷ് എന്നാണ് കണ്ണന്താനം സുരേഷിനെ ചൂണ്ടി യൂജിൻ പെരേരയോട് പറഞ്ഞത്. ഇവിടത്തെ സഭാനേതാക്കന്മാരുടെ കൂടി അഭ്യർത്ഥന മാനിച്ചാണ് കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പ് ആരംഭിച്ചത്.
കുറച്ചുനേരം അവിടെ ചെലവഴിച്ച് ഫാദർ യൂജിന്റെ കാൽതൊട്ടു വണങ്ങിയാണ് സുരേഷ് ഇറങ്ങിയത്. അവിടെ നിന്ന് പരുത്തിപ്പാറ ജംഗ്ഷനിലേക്ക്.