തിരുവനന്തപുരം: ''അമ്മച്ചീ ഒരു കവറ് ബീഡി"- ഭാർഗവിയുടെ കടയുടെ മുന്നിൽ ആട്ടോറിക്ഷ നിറുത്തിക്കൊണ്ട് ബാബുമോൻ ചോദിച്ചു. തൊട്ടെതിർവശത്തെ ചുമരിൽ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിന്റെ പേര് വിവിധ നിറത്തിൽ എഴുതി മനോഹരമാക്കുകയാണ് പ്രവർത്തകർ.
അമ്മച്ചി വോട്ട് നമ്മുടെ മേയർക്കല്ലേ?- ബാബുമോന്റെ ചോദ്യം: 'കഴിഞ്ഞ തവണ ഇവിടെ ജയിക്കും ജയിക്കും എന്നു പറഞ്ഞവരൊന്നും ജയിച്ചു കണ്ടില്ലല്ലോ. ജയം ഉറപ്പിച്ചവരൊക്കെ തോറ്റു. മണികണ്ഠേശ്വരത്തിനു സമീപം ചേരിക്കോണത്തെ ഒരു ചെറിയ കടയാണ് ഭാർഗവിയുടേത്. രണ്ടു വാഴക്കുലയും കുപ്പിവെള്ളവും പിന്നെ സിഗരറ്റും ബീഡിയുമൊക്കെ വിറ്റാണ് ഉപജീവനം. ബാബുമോൻ പോയ ശേഷം ഭാർഗവി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. 'എന്റെ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്.
ചേച്ചിയെന്താ രാഷ്ട്രീയം പറയുകയാണോ? എന്ന ചോദ്യവുമായി ഉണ്ണിക്കൃഷ്ണൻ എന്തോ വാങ്ങാനെത്തി. സമീപകാല രാഷ്ട്രീയ സംഭവങ്ങളെ കൂടി ചേർത്താണ് ഉണ്ണിക്കൃഷ്ണൻ തന്റെ നിരീക്ഷണം പങ്കുവച്ചത്- ''കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രചാരണവും തുടങ്ങി. എന്നാൽ പിന്നെ ഒഴിവാക്കപ്പെട്ടതോടെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായി. അതിലാരു ജയിക്കുമെന്ന് പറയാൻ വയ്യ. ഫിഫ്ടി ഫിഫ്ടി ചാൻസാണ്.""- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ആരു പറഞ്ഞു എൻ.ഡി.എ പിന്നിലെന്ന്?- നെട്ടയം സ്വദേശി സുധീഷിന്റെ ചോദ്യം.
ഇത്തവണയും യു.ഡി.എഫ് തന്നെ ജയിക്കുമെന്നാണ് പച്ചക്കറി വാങ്ങാനെത്തിയ സുജയുടെ അഭിപ്രായം. മോഹൻകുമാറിനെ എല്ലാവർക്കും അറിയാമെന്നാണ് അതിനു കാരണമായി സുജ പറയുന്നത്. മേയർ പ്രശാന്തിനെ അറിയില്ലേ? തൊട്ടടുത്തു നിന്ന വീണയുടെ ചോദ്യം കേട്ടപ്പോൾ സുജ ചിരിച്ചു 'മേയറെയും അറിയാം. മൂന്നു മുന്നണിയിലെ സ്ഥാനാർത്ഥികളും ഇന്നലെയും രാവിലെ മുതൽ പ്രചാരണത്തിനിറങ്ങി. കോളനികളും വീടുകളും കേന്ദ്രീകരിച്ചുള്ള സന്ദർശന പരിപാടിയിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് ഇന്നലെ. ജംഗ്ഷനുകളിൽ കേന്ദ്രീകരിച്ച് വോട്ടർമാരെ കാണാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻകുമാർ കൂടുതൽ സമയം ചെലവഴിച്ചത്. കവലകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ കാണുന്നതിനൊപ്പം മതനേതാക്കന്മാരെയും കണ്ട് അനുഗ്രഹം നേടാനും എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ് സമയം കണ്ടെത്തി.