തിരുവനന്തപുരം: മാലിന്യം നിറഞ്ഞ റെയിൽവേ പ്ലാറ്റ്ഫോമുകളും ദുർഗന്ധ പൂരിതമായ ബോഗികളും ഇനിയുണ്ടാകില്ലെന്ന് നാഷണൽ സർവീസ് സ്കീം അംഗങ്ങളുടെ ഉറപ്പ്. റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിലെ ശുചീകരണതിന് ഇനി എൻ.എസ്.എസ് (നാഷണൽ സർവീസ് സ്കീം) വോളന്റിയർമാർ രംഗത്തുണ്ടാകും. 'ഹരിത റെയിൽവേ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ തിരുവനന്തപുരം ഡിവിഷനു കീഴിലെ 88 സ്റ്റേഷനുകൾ ശുചീകരണത്തിനാണ് യുവജനങ്ങളുടെ പരിശ്രമം. ഈ സ്റ്റേഷനുകളിൽ യാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും എൻ.എസ്.എസ് വോളന്റിയർമാരുടെ ഇടപെടലുണ്ടാകും.
സ്റ്റേഷനുകളിലെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ ഒൗഷധ സസ്യത്തോട്ടങ്ങളും അലങ്കാര സസ്യങ്ങളും വച്ചുപിടിപ്പിക്കാനും പദ്ധതിയിൽ ആലോചനയുണ്ട്. ശുചിത്വ അവബോധമുയർത്താൻ ഇത്തരം വിഷയങ്ങൾ മുൻനിറുത്തി ബോധവത്കരണ പരിപാടിയും എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
ഒാരോ റെയിൽവേ സ്റ്റേഷനും ശുചിയാക്കാൻ ഓരോ എൻ.എസ്.എസ് യൂണിറ്റിനാണ് ചുമതല നൽകുക. തിരുവനന്തപുരം, കൊച്ചുവേളി പോലുള്ള വലിയ സ്റ്റേഷനുകളിലാണെങ്കിൽ ഒന്നിലധികം യൂണിറ്റുകൾ രംഗത്തിറങ്ങും. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഏത് ഭാഗത്തും ശുചീകരണം നടത്താൻ വോളന്റിയർമാർക്ക് അനുവാദം നൽകുന്ന വിധം വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് എൻ.എസ്.എസുമായി റെയിൽവേ എം.ഒ.യു ഒപ്പുവച്ചിരിക്കുന്നത്. നേരത്തേ പുറത്ത് നിന്നുള്ള ഏജൻസികൾക്ക് ശുചീകരണത്തിനോ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രവേശിക്കാനോ പോലും റെയിൽവേ അനുവാദം നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തിയാണ് റെയിൽവേ പുതിയ സാദ്ധ്യതകൾ തുറന്നിടുന്നത്.
നയം മാറ്റത്തിന് ശേഷം ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി ശുചീകരണത്തിന് വോളന്റിയർ സംവിധാനമൊരുക്കുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്. പാലക്കാട് ഡിവിഷനിൽ കൂടി എൻ.എസ്.എസുമായി സഹകരിക്കാനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. എല്ലാ വർഷവും ഡിവിഷനിൽ ശുചിത്വകാര്യത്തിൽ മികച്ച സ്റ്റേഷനെ കണ്ടെത്താനും ചുമതലയുള്ള എൻ.എസ്.എസ് യൂണിറ്റിന് അവാർഡ് ഏർപ്പെടുത്താനും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ തീരുമാനിച്ചിട്ടുണ്ട്. ഹരിത റെയിൽവേ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. തുടർച്ചയായ സാമൂഹ്യസേവന സേനയായി നാഷണൽ സർവീസ് സ്കീമിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
റെയിൽവേ ഡിവിഷൻ മാനേജർ ശിരിഷ് കുമാർ സിൻഹ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി.പി. സജിത്ത് ബാബു, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. കെ. സാബുക്കുട്ടൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എ.എസ്. ഷാജി, റെയിൽവേ സീനിയർ ഡി.സി.എം ഡോ. രാജേഷ് ചന്ദ്രൻ, ജയകുമാർ, ആർ.എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുക.