
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം രാജ്യം ആഘോഷിക്കുമ്പോൾ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് അധികമാർക്കും അറിയാത്ത ഗാന്ധിജിയുടെ സ്മരണ നിലനിൽക്കുന്ന ഒരു സ്ഥലമുണ്ട്. പുളിമൂട്ടിൽ നിന്ന് അംബുജവിലാസം റോഡിലേക്കിറങ്ങുമ്പോൾ പഴയ ധന്വന്തരി മഠം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സമീപത്താണ് മഹാത്മജിയുടെ പാദസ്പർശമേറ്റ ആ പുണ്യഭൂമിയുള്ളത്. എന്നാലിന്ന് അവഗണനയുടെ ഭാരം പേറുകയാണ് അവിടം.
ധന്വന്തരിമഠം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് പിറകിലെ ഷെഡ്ഡിൽ മുമ്പ് സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും തൊഴിലാളി നേതാവുമായിരുന്നു ജുബ്ബാ രാമകൃഷ്ണപിള്ള ദളിതർക്കായി ഒരു ഹിന്ദി വിദ്യാലയവും തയ്യൽ പരിശീലനകേന്ദ്രവും നടത്തിയിരുന്നു. നഗരത്തിലെ ആദ്യ ഹിന്ദി ക്ലാസുകളിലൊന്നായിരുന്നു ഇത്.
1937ൽ ഗാന്ധിജി തിരുവനന്തപുരത്ത് വന്നപ്പോൾ ജുബ്ബാ രാമകൃഷ്ണപിള്ള അദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചു. ദളിതരുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം കാണാൻ ഗാന്ധിജി അവിടെയത്തി. 1937 ജനുവരി 10നായിരുന്നു ഇത്. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി ഗാന്ധിജിയുടെ ഒരു അർദ്ധകായ പ്രതിമയും അവിടെ സ്ഥാപിച്ചു. 
റോഡരികിലെ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ 2000ൽ മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്റണിയാണ് അനാവരണം ചെയ്തത്. തലസ്ഥാനത്തെ പഴക്കം ചെന്ന വൈദ്യശാലകളിൽ ഒന്നാണ് അംബുജവിലാസം റോഡിലെ ധന്വന്തരിമഠം. ആയുർവേദ കോളേജിലെ ഡോക്ടറായിരുന്ന കുമരകം പരമേശ്വരൻ നായരായിരുന്നു വൈദ്യശാലയുടെ സ്ഥാപകൻ.