ചെറിയ ശാരീരിക അസ്വസ്ഥതകൾക്ക് മുതൽ ഡോക്ടറെ കാണേണ്ട രോഗങ്ങൾക്ക് വരെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി സേവിക്കുന്ന പ്രകൃതക്കാർക്ക് ഒരു ചെറിയ മുന്നിറിയിപ്പ് . ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്ന് ഉപയോഗിക്കുന്നത് ഗുരുതരഫലങ്ങൾ ഉണ്ടാക്കിയേക്കാം. കാരണം ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്റ്റീറോയിഡുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണ്. സ്റ്റീറോയ്ഡ് ദുരുപയോഗം പൊണ്ണത്തടി, ഡയബറ്റിസ്, ഓസ്റ്റിയോപൊറോസിസ്, മുഖക്കുരു എന്നിവയ്ക്ക് പുറമേ നേത്രരോഗങ്ങളായ ഗ്ലോക്കോമ, തിമിരം എന്നിവയ്ക്ക് കാരണമാകും.
മരുന്നുകളുടെ ഡോസ്, ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന സമയം, പാർശ്വഫലങ്ങൾ എന്നിവ സംബന്ധിച്ച് മോഡേൺ മെഡിസിൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പല മരുന്നുകളും നിർദ്ദിഷ്ട ഡോസേജിൽ മാത്രമാണ് സുരക്ഷിതമായിരിക്കുന്നത്. ഇതനുസരിച്ചാണ് രോഗിക്ക് വിദഗ്ദ്ധ ഡോക്ടർ മരുന്ന് നിർദ്ദേശിക്കുന്നത്. ഒരാൾ സ്വയം വിവിധതരം മരുന്നുകൾ വാങ്ങിക്കഴിക്കുമ്പോൾ ഈ മുൻകരുതലുകൾ പാലിക്കപ്പെടില്ല. അതിനാൽ രോഗം എത്ര നിസാരമായാലും സ്വയം മരുന്നുകൾ തിരഞ്ഞെടുക്കരുത്.