മാവേലിക്കര: സ്കൂട്ടറിൽ സഞ്ചരിച്ചും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളിൽ നിന്ന് സ്വർണം കവർന്ന് വിമാനത്തിൽ മഹാരാഷ്ട്രയിലേക്ക് പോയിരുന്ന നാട്ടുകാരുടെ സ്വന്തം 'രവിയണ്ണൻ' പൂനെയിൽ ബിസിനസുകാരന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പൂനയിൽ ആർ.കെ.നായർ എന്ന് അറിയപ്പെടുന്ന മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയിൽ വീട്ടിൽ രവികുമാർ നായരാണ് (49) പൊലീസ് പിടിയിലായത്.
സെപ്തംബർ ഒന്നിന് രാവിലെ 8.45ന് വഴുവാടി വായനശാലയ്ക്ക് സമീപം സരള എന്ന മദ്ധ്യവയസ്‌കയുടെ രണ്ടരപവന്റെ മാല സ്‌കൂട്ടറിലെത്തി, ഇവരെ തള്ളിയിട്ട ശേഷം പൊട്ടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ്.വി.കോരയുടെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പത്തോളം പിടിച്ചുപറി കേസിൽ പ്രതിയായ രവികുമാറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്തിനകത്ത് പല സ്ഥലങ്ങളിലും ഇയാൾ സമാന തട്ടിപ്പുകളും പിടിച്ചുപറികളും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂരുള്ള സ്വർണക്കടയിൽ വിൽപ്പന നടത്തിയ 12 പവനോളം ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രവികുമാറിനെ റിമാൻഡ് ചെയ്തു.
സമ്പന്ന കുടുംബത്തിൽപ്പെട്ട രവികുമാർ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ പൂനയിലാണ് സ്ഥിരതാമസം. പൂനയിൽ കേരള സ്റ്റോർ എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റും കേരള മെസ് എന്ന പേരിൽ ഹോട്ടലും നടത്തുന്ന ഇയാൾ ആർ.കെ. നായർ എന്നാണ് അവിടെ അറിയപ്പെടുന്നത്. നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കളുടെ പ്രിയപ്പെട്ട രവിയണ്ണനായി മാറും. കഴുത്തിൽ ഒന്നിലധികം സ്വർണനിറമുള്ള മാലകളും വിരലുകൾ നിറയെ മോതിരവും ധരിച്ച് മാത്രമേ ഇയാളെ നാട്ടുകാർ കണ്ടിട്ടുള്ളു. ബിസിനസിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ പണമുണ്ടാക്കാനായി ഇയാൾ സ്വീകരിച്ച മാർഗമായിരുന്നു മാലമോഷണം.
പൂനയിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മുക്കുപണ്ടം മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ കറങ്ങിനടക്കും. ഒറ്റയ്ക്ക് വരുന്ന വൃദ്ധ സ്ത്രീകളെ, അമേരിക്കയിൽ ജോലിയുള്ള ആളാണെന്ന വ്യാജേന പരിചയപ്പെടും. തന്റെ മകൾക്ക് ജോലിയുടെ കാര്യത്തിനായി ക്ഷേത്രത്തിൽ സ്വർണമാല നേർച്ച നേർന്നിട്ടുണ്ടെന്നും കൈയിലുള്ള മാല പത്ത് പവന്റേതാണെന്നും അത് ക്ഷേത്രത്തിൽ കൊടുക്കുന്നതിന് പകരം ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് മുക്കുപണ്ടം മാല ഇവർക്ക് നൽകി പകരം അവരുടെ ചെറിയ സ്വർണമാല വാങ്ങിയെടുക്കുന്നതാണ് പതിവ്.
തട്ടിപ്പിനിരയാകുന്നവർ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് കിട്ടിയത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തട്ടിപ്പിന് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ആക്ടീവ സ്‌കൂട്ടറാണ് ഉപയോഗിക്കുന്നത്. നാട്ടിലേക്കുള്ള ഒരു വരവിൽ ഒന്നോ രണ്ടോ തട്ടിപ്പ് നടത്തിയ ശേഷം സ്വർണം വിറ്റു കാശാക്കി വിമാനത്തിൽ പൂനെയ്ക്ക് കടക്കുകയാണ് പതിവ്. വഴുവാടിയിലെ കവർച്ചയ്ക്കു ശേഷം പൂനെയ്ക്ക് കടന്ന ഇയാൾ കുറച്ചു ദിവസം മുമ്പാണ് തിരികെയെത്തിയത്. അറസ്റ്റ് ചെയ്യുന്ന സമയം കഴുത്തിൽ 2 മുക്കുപണ്ടം മാലകളുണ്ടായിരുന്നു. ഇവ തട്ടിപ്പിനായി കൊണ്ടുവന്നതാണെന്ന് രവികുമാർ പൊലീസിനോട് പറഞ്ഞു. എസ്.ഐ എസ്.പ്രദീപ്, എ.എസ്.ഐ ടി.എസ്. അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ ജി. സുനിമോൻ, സിനു വർഗീസ്, സി.പി.ഒ മാരായ ഉണ്ണിക്കൃഷ്ണപിള്ള, ഷെഫീക്ക്, അരുൺ ഭാസ്‌കർ, ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പിടിയിലായ വഴി
വഴുവാടിയിലെ കവർച്ചാ നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ പ്രതി പന്തളം ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പന്തളത്തെ തുണിക്കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയ ഇയാളുടെ ഹെൽമറ്റില്ലാത്ത ദൃശ്യം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് എണ്ണയ്ക്കാട് ഭാഗത്തേക്കാണ് പോയത്. നൂറോളം സിസി ടിവി ദൃശ്യങ്ങളും നൂറുകണക്കിന് മൊബൈൽ നമ്പറുകളും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രവികുമാർ നായരാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. ഒന്നിന് രാത്രി 11.45നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പത്ത് പരാതിക്കാർ
രവികുമാർ നായർ പിടിയിലായെതറിഞ്ഞ് ഇന്നലെ മാത്രം വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയത് പത്തുപേരാണ്. ഇയാളുടെ വീട് ഉൾപ്പെടുന്ന മാന്നാർ സ്റ്റേഷൻ പരിധിയിൽ ആറു പേരും മാവേലിക്കരയിൽ മൂന്നും ചെങ്ങന്നൂരിൽ ഒരു പരാതിയുമാണുള്ളത്. വഞ്ചിക്കപ്പെട്ട പരാതിക്കാരെല്ലാം വയോധികരാണ്.