രാത്രി കനത്തു.
കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുത്തു ഹേമലത. പിന്നെ അവരെ ഉറങ്ങുവാൻ പറഞ്ഞയച്ചു.
തങ്ങളുടെ കിടപ്പുമുറിയിലിരുന്ന് ഓരോ സി.സി.ടിവിയിലെയും ദൃശ്യങ്ങൾ നോക്കി ഒരിക്കൽകൂടി തൃപ്തിപ്പെട്ടു, സുരേഷ് കിടാവ്.
അയാളും ഹേമലതയും ഭക്ഷണം കഴിച്ചു.
''ഭാനുമതീ. എന്തു ശബ്ദം കേട്ടാലും പുറത്തിറങ്ങരുത്. കേട്ടോ..." സുരേഷ്, ജോലിക്കാരിക്ക് നിർദ്ദേശവും നൽകി.
ഹേമലത തങ്ങളുടെ കിടപ്പറയുടെ വാതിൽ അടച്ചു കൊളുത്തിട്ടു.
സമയം കടന്നുപോയി.
കട്ടിലിൽ കിടന്നുകൊണ്ട് ഇടയ്ക്കിടെ ടിവിയിലേക്കു നോക്കി സുരേഷ്. എല്ലാം ഭദ്രം.
നടുത്തളത്തിലൂടെ ഒരു നരിച്ചീർ പറന്നു പോകുന്നതു പോലും അയാൾ ടിവിയിൽ കണ്ടു.
സമയം കടന്നുപോയി.
തലേന്നു രാത്രിയിൽ അല്പം പോലും ഉറങ്ങാതിരുന്നതിനാൽ സുരേഷും ഹേമലതയും പെട്ടെന്ന് ഉറക്കത്തിലേക്കു വഴുതിവീണു.
പിന്നെ എപ്പോഴോ...
കോവിലകം കിടുങ്ങുന്ന ഒരു പൊട്ടിച്ചിരി...
തുടർന്ന് കമ്പുകൾ കൊണ്ട് താളം അടിക്കുന്നതുപോലെ ഒരു ശബ്ദം.
സുരേഷും ഹേമലതയും ഞെട്ടിയുണർന്നു...
സുരേഷ് ആദ്യം നോക്കിയത് ടിവിയിലേക്കാണ്.
അതിൽ ഒന്നും വ്യക്തമല്ല... മഞ്ഞുപോലെയോ, പുകപോലെയോ... ഒരു തരം വെളുത്ത നിറം!
അതിനിടയിൽ ചലിക്കുന്ന കറുത്ത രൂപങ്ങൾ...
സുരേഷ് കൈനീട്ടി ബെഡ്‌റൂം ലാംപ് തെളിച്ചു.
ഹേമലത നിലവിളിക്കുവാൻ ഭാവിച്ചു.
''ശ്ശ്..." സുരേഷ് അവളുടെ വാ പൊത്തി.
അവളുടെ ശരീരം പൂക്കില പോലെ വിറച്ചു തുടങ്ങിയിരുന്നു.
''മിണ്ടല്ലേടീ..."
സുരേഷ് മെല്ലെ എഴുന്നേറ്റു. തലയിണയ്ക്കടിയിൽ വച്ചിരുന്ന പിസ്റ്റൾ വലിച്ചെടുത്തു.
''വേണ്ട സുരേഷ്. പുറത്തു പോകരുത്."
ശബ്ദം താഴ്ത്തിക്കൊണ്ട് അവൾ അയാളുടെ കൈയ്ക്കു പിടിച്ചു.
''എന്താണെന്ന് അറിയണ്ടേ?" ചോദിച്ചുകൊണ്ട് സുരേഷ് മൂക്കുവിടർത്തി.
കുന്തിരിക്കത്തിന്റെ ഗന്ധം!
അടുത്ത സെക്കന്റിൽ അതു കണ്ടു...
വാതിലിന്റെ താക്കോൽ പഴുതിലൂടെ അകത്തേക്കു വരുന്ന പുകയുടെ നേർത്ത വലയങ്ങൾ....
പുറത്ത് കമ്പുകൊണ്ടടിക്കുന്ന ശബ്ദത്തിനു വേഗതയേറി... ഒരു തരം ചടുല ഭ്രാന്തതാളം!
ഇപ്പോൾ സുരേഷിനും നെഞ്ചിടിപ്പേറി.
എവിടെയൊക്കെയോ താളത്തിനനുസരിച്ച് നൃത്തച്ചുവടുകൾ.
ചുടലപ്പറമ്പിൽ പിശാചുക്കൾ നൃത്തം ചെയ്യുന്നതു പോലെ...
താളത്തിനു പിന്നെയും വേഗതയേറി... അതിനനുസരിച്ച് അവരുടെ ഹൃദയമിടിപ്പും മുറുകി.
ഇപ്പോൾ ടിവിയിൽ ഒന്നും കാണുവാൻ കഴിയുന്നില്ല...
ഇടയ്ക്കിടെ അട്ടഹാസങ്ങൾ... കോവിലകം ഉഴുതു മറിക്കുന്ന പ്രതീതി...
പൊടുന്നനെ വാതിലിൽ ആരോ കമ്പുകൊണ്ടടിച്ചു. തുടർന്ന് ഒരുപാടുപേർ അടിക്കാൻ തുടങ്ങി...
ഹേമലത കാതുകൾ പൊത്തി. സുരേഷ് വിയർത്തു കുളിച്ചു.
വാതിൽപ്പാളികൾ വല്ലാതെ കുലുങ്ങുന്നു. ഏത് നിമിഷവും അത് തകർന്നു വീണേക്കാവുന്ന അവസ്ഥ...
ആ ശബ്ദം കേട്ട് ആരവും ആരതിയും ഉണർന്നു. കുട്ടികൾ ഭയന്നു നിലവിളിക്കാൻ തുടങ്ങി.
''മക്കളേ..."
ഹേമലത അവരെ ചേർത്തുപിടിച്ചു.
അവൾക്കു രോഷം അണപൊട്ടി.
''ഈ നശിച്ച കോവിലകത്തേക്ക് ഇനി വരുന്നില്ലെന്നു ഞാൻ പറഞ്ഞതല്ലേ? നിങ്ങളോ നിങ്ങളുടെ അച്ഛനോ അത് സമ്മതിച്ചോ?"
സുരേഷ് കിടാവ് മിണ്ടിയില്ല.
ദ്രുതതാളവും കാലടിയൊച്ചകളും വീണ്ടും മുറുകി...
ശക്തമായി എന്തോ വാതിലിൽ വന്നിടിച്ചു.
വാതിലിന്റെ ഒരു ഭാഗം അടർന്നു.. അതുവഴി നാല് കറുത്ത കൈകൾ അകത്തേക്കു നീണ്ടു.
ഈയലുകൾ ചിറകടിക്കുന്നതു പോലെ കൈവിരലുകൾ നിന്നു വിറച്ചു...
''അയ്യോ..." അലറിക്കരഞ്ഞുപോയി ഹേമലത.
അതോടെ കുട്ടികളുടെ നിലവിളിയും ഇരട്ടിയായി...
ആരവ് പെട്ടെന്നു ബോധം കെട്ടു...
''മോനേ..." ഹേമലതയുടെ നിലവിളി പകുതിക്കു മുറിഞ്ഞു.
കയ്യിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് വാതിലിനു നേർക്ക് വെടിവയ്ക്കണം എന്നുണ്ട് സുരേഷിന്.
എന്നാൽ ഭയം കാരണം കഴിഞ്ഞില്ല...
വാതിലിന്റെ തകർന്ന ഭാഗത്തുകൂടി അകത്തേക്കു വന്ന കൈകൾ പിൻവലിഞ്ഞു.
മുറയിലേക്കു കട്ടിപ്പുക അടിച്ചുകയറി...
കുന്തിരിക്കത്തിന്റെ രൂക്ഷ ഗന്ധം!
സുരേഷ് ചുമയ്ക്കാൻ തുടങ്ങി.
പെട്ടെന്ന് ശബ്ദകോലാഹലങ്ങൾ നിലച്ചു.
ശ്മശാന തുല്യമായ നിശ്ശബ്ദത. അതിലേക്ക് പുരുഷന്റെയോ സ്‌ത്രീയുടെയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ശബ്ദം ചിതറിവീണു.
''പൊയ്ക്കോണം എല്ലാവരും... നാളെ രാവിലെ തന്നെ... അല്ലെങ്കിൽ കൊല്ലും ഞാൻ... ഒന്നിനെയും ബാക്കി വയ്ക്കാതെ..."
തുടർന്ന് ഒറ്റയടികൂടി...
വാതിലിന്റെ കുറച്ചു ഭാഗങ്ങൾ കൂടി അടർന്നുവീണു...
(തുടരും)