ന്യൂഡൽഹി: രാഷ്ട്രപിതാവിന്റെ നൂറ്റിയമ്പതാം ജന്മവാർഷിക ദിനത്തിൽ സമാനതകളില്ലാത്ത ആഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവർ പുഷ്പാർച്ചന നടത്തി. വൈകിട്ട് അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സന്ദർശിച്ചു. ഗാന്ധി പാരമ്പര്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം കൂടിയായി ബാപ്പുവിന്റെ ജന്മദിനം. കൂടാതെ സ്വച്ഛ് ഭാരത് ദിനമായാണ് ഈദിനം കേന്ദ്ര സർക്കാർ കൊണ്ടാടിയത്.
എന്നാൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ വാൾട്ടർ ആൽഫ്രഡ് ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ചില ഓർമ്മകളാണ് ഈ അവസരത്തിൽ പങ്കുവയ്ക്കുന്നത്. ആ കാലഘട്ടത്തിൽ പി.ടി.ഐ വാർത്ത ഏജൻസിയുടെ റിപ്പോർട്ടറായിരുന്നു ആൽഫ്രഡ്. അദ്ദേഹത്തിന് ഇപ്പോൾ പ്രായം നൂറിനടുത്ത് എത്തിയെങ്കിലും ഗാന്ധിവധവും അതേ തുടർന്ന് രാജ്യം കണ്ട നാടകീയ സംഭവങ്ങളും ആൽഫ്രഡ് ഓർത്തെടുക്കുന്നു.
ഗാന്ധിജി മരിക്കുന്ന സമയത്ത് വാൾട്ടർ നാഗ്പൂരിലെ റിപ്പോർട്ടറായിരുന്നു. അന്ന് വൈകീട്ട് ഓഫീസിലെ ഫോൺ റിംഗ് ചെയ്തു. മഹാത്മഗാന്ധി ഡൽഹി ബിർള ഹൗസിൽ നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നായിരുന്നു ഫോൺ വിളിയിലൂടെ അറിഞ്ഞത്. വൈകുന്നേരം ആറരയോടെയാണ് സംഭവം അറിഞ്ഞതെന്ന് ആൽഫ്രഡ് ഓർക്കുന്നു. ചില ന്യൂസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിടെയായിരുന്നു വിവരം എത്തിയത്. ഉടൻ തന്നെ എല്ലാം മാറ്റിവച്ച് ഈ വാർത്തയുടെ ആദ്യ കോപ്പി തയ്യാറാക്കാൻ തുടങ്ങി. തന്റെ സഹപ്രവർത്തകനായ പോങ്ക്ഷെയായിരുന്നു ഫോണിലൂടെ തനിക്ക് പ്രാഥമിക വിവരങ്ങൾ കൈമാറിയത്. എന്നെ കൂടാതെ മറ്റ് രണ്ട് സഹപ്രവർത്തകർ മാത്രമെ അന്ന് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ പോലുള്ള സാങ്കേതികവിദ്യ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ തെരുവുകളിൽ ഈ വാർത്ത വളരെ പതുക്കെയാണ് അറിഞ്ഞത്.
പിന്നീട് മണിക്കൂറുകൾ നേരം ഓഫീസിലേക്ക് ഫോൺ പ്രവാഹമായിരുന്നു. ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും എത്രയും പെട്ടെന്ന് ശേഖരിച്ച് കോപ്പികൾ തയ്യാറാക്കി പ്യൂൺ മുഖേന പ്രാദേശിക പത്രത്തിന്റെ വരിക്കാർക്ക് എത്തിച്ചു നൽകും. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതും നിർണായകവുമായ ദിനമായിരുന്നുവെന്നും ആൽഫ്രഡ് പറയുന്നു. ഗാന്ധിജിയുടെ മരണത്തിന് പിന്നാലെ നാഥൂറാം ഗോഡ്സെയുടെ ആറസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കാനും തന്നെയായിരുന്നു ചുമതലപ്പെടുത്തിയത്.
മരണത്തിന്റെ പിറ്റേ ദിവസം ഇതിനായി താനാണ് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് പോയത്. അവരുടെ ആസ്ഥാനത്തിന്റെ പുറത്തുനിന്ന് ഓരുപാട് പേർക്ക് ദു:ഖം സഹിക്കാനാവാതെ കരയുന്നുണ്ടായിരുന്നു. എന്നാൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ആർ.എസ്.എസ് ആസ്ഥാനത്തുണ്ടായിരുന്ന ആൾക്കാരുടെ സന്തോഷമാണ്. അവർക്ക് സന്തോഷം മറച്ചുവയ്ക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് ഗാന്ധിജിയേയും നെഹ്റുവിനേയും ഇഷ്ടം ഉണ്ടായിരുന്നില്ല. എങ്കിലും ഈ രീതിയിൽ അവർ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല- വാൾട്ടർ ആൽഫ്രഡ് ഓർത്തെടുത്തു.