ഭോപ്പാൽ: രാജ്യത്തെ പിടിച്ചുകുലുക്കിയ മദ്ധ്യപ്രദേശ് ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തു. ഹണിട്രാപ്പിൽ കുടുങ്ങിയ മധ്യപ്രദേശിലെ പ്രമുഖരെ സൂചിപ്പിക്കാൻ കുറ്റകൃത്യത്തിലെ പങ്കാളിയായ ഒരു യുവതി കുറിച്ചുവച്ചിരുന്ന രഹസ്യകോഡുകളടങ്ങിയ ഡയറിയാണ് പൊലീസ് കണ്ടെത്തിയത്. കോഡുകളെ കൂടാതെ പണം കൈപറ്റിയതിന്റെ വിവരങ്ങളും, വിവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ ഫോൺ നമ്പറുകളും ഡയറിയിലുണ്ട്.
രാഷ്ട്രീയത്തിലെ ഉന്നതർ, എം.പിമാർ, മുൻ മന്ത്രിമാർ എന്നിവരുടെ പേരാണ് ഡയറിയിലുള്ളത്. നിലവിൽ ഡൽഹിയിൽ ഉന്നത പദവി കൈയ്യാളുന്ന മദ്ധ്യപ്രദേശിലെ ഒരു പ്രമുഖ വ്യക്തിയെ കുറിച്ചും ഡയറിയിൽ പരാമർശമുണ്ട്. അറസ്റ്റിലായ യുവതിയുടെ ഭർത്താവ് നടത്തുന്ന സന്നദ്ധ സംഘടനയുടെ വിവരങ്ങളും ഡയറിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഭോപ്പാലിലെ റിവേറയിലെ യുവതിയുടെ വീട്ടിൽ നിന്നും കൂടുതൽ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് കണ്ടെത്തി. കണ്ടെത്തിയ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ സഞ്ജീവ് ഷമിയെ മദ്ധ്യപ്രദേശ് സർക്കാർ ഇന്നലെ ചുമതലയിൽ നിന്നും നീക്കി. സൈബർ സെൽ പ്രത്യേക ഡയറക്ടർ ജനറലായ രാജേന്ദ്ര കുമാറിനെയാണ് പകരം ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 9 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘത്തിൽ അഴിച്ചുപണി നടക്കുന്നത്.
ഹണിട്രാപ്പ് സംഘം തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിംഗിന്റെ പരാതിയോടെയാണ് ഹണിട്രാപ്പ് സംഘത്തിന്റെ തട്ടിപ്പുകൾ പുറത്തു വരുന്നത്. തുടർന്ന്, വർഷങ്ങളായി മദ്ധ്യപ്രദേശിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ശ്വേതാ സ്വപ്ന ജെയിൻ, ആരതി ദയാൽ തുടങ്ങി നിരവധി യുവതികൾ പിടിലാവുകയായിരുന്നു.