to-sooraj

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് പറഞ്ഞു. ജാമ്യഹർജി നിലവിൽ ഉള്ളതിനാൽ ഇപ്പോഴൊന്നും പറയില്ലെന്നും സൂരജ് വ്യക്തമാക്കി. അതേസമയം, ടി.ഒ സൂരജിന്റെ റിമാന്റ് കാലാവധി ഈ മാസം 17 വരെ നീട്ടി.

പാലാരിവട്ടം ഫ്ളൈ ഓ‌വറിന്റെ രേഖകളിൽ വൻ ക്രമക്കേട് നടത്തി, കുറഞ്ഞ തുക ക്വോട്ട് ചെയ്‌ത സ്ഥാപനത്തെ ഒഴിവാക്കിയാണ് ആർ.ഡി.എസ് കമ്പനിക്ക് നിർമ്മാണ കരാർ നൽകിയതെന്ന് വിജിലൻസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആർ.ഡി.എസിന്റെ ടെണ്ടറിലെ തുകയും ‌‌ടെണ്ടർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ടെണ്ടർ തുകയും കുറച്ചു കാട്ടാനായി തിരുത്തുകയും വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്‌തു. ഇതിനു പിന്നിൽ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥരാകാമെന്നും വിജിലൻസ് പറഞ്ഞു.

2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങിയെന്നും ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി.ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ് വ്യക്തമാക്കി. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.