ന്യൂഡൽഹി: ഡൽഹിയിലേക്ക് മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചു. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് കേന്ദ്രീകൃത സംഘടനകൾ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ഡൽഹിയിലെ പല സ്ഥലങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് കടന്ന ഭീകരർ ഇപ്പോൾ ഡൽഹിയിലേക്കും വന്നിട്ടുണ്ട് എന്ന സൂചനയാണ് രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.
മൂന്ന് ജെയ്ഷെ ഭീകരരെങ്കിലും ഡൽഹിയിലേക്ക് എത്തിച്ചർന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. മൂന്നോ നാലോ ഭീകരർ ഡൽഹിയിലേക്ക് എത്തിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇവർ പറയുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും സുരക്ഷ കർശനമാക്കാനുള്ള നിർദ്ദേശങ്ങളും ഇപ്പോൾ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഡൽഹിയിലും പഞ്ചാബിലും ഇപ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആകെ എട്ടോ പത്തോ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന സൂചനയാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് അമേരിക്ക നൽകിയിരിക്കുന്നത്. വ്യോമതാവളങ്ങൾ ആക്രമിക്കാനാണ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നത് എന്ന സൂചനയാണ് ലഭിച്ചിട്ടുണ്ട്. അമൃത്സർ, പഠാൻകോട്ട്, ശ്രീനഗർ എന്നിവിടങ്ങളിലുള്ള വ്യോമതാവളങ്ങൾക്ക് ശക്തമായ സുരക്ഷ നൽകാനുള്ള നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കാനും ആലോചിക്കുന്നുണ്ട്.