onion

ന്യൂഡൽഹി: സവാള ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള വിളനാശമായിരുന്നു ഇന്ത്യയിൽ സവാള വില ഉയരാൻ കാരണമായത്. ഇതിനെ തുടർന്ന് സവാളയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്തിരുന്നു. സവാള വിലയിൽ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതോടെയാണ് കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറത്തിയത്. എന്നാൽ ഈ കയറ്റുമതി നിരോധിച്ചതോടെ ഇപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഇന്ത്യയുടെ അയൽ രാജ്യങ്ങളാണ്. ഇന്ത്യൻ സവാളയുടെ മുഖ്യ ഉപഭോക്താക്കളായ ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ വൻ വില വിർദ്ധനയാണ് ഇപ്പോഴുള്ളത്.

ഞായറാഴ്ച സവാള കയറ്റുമതി ഇന്ത്യ റദ്ദാക്കിയതോടെ 100 കിലോയ്ക്ക് 4,500 രൂപ എന്ന നിലയിൽ സവാള വില ഉയർന്നു. ശ്രീലങ്കയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനമാണ് വില വർദ്ധിച്ചത്. കിലോയ്ക്ക് 280 മുതൽ 300 രൂപ വരെയാണ് ഇവിടെ വില. ഇത് ആറു വർഷത്തിനിടയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണ്. ഇതേ തുടർന്ന് ചൈന, ഈജിപ്ത്, മ്യാൻമർ, തുർക്കി തുടങ്ങിയ സവാള ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളോടു വില നിയന്ത്രണ വിധേയമാക്കുന്നതിനായി വിതരണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ കയറ്റുമതി നിർത്തലാക്കിയതോടെ ചൈന, ഈജിപ്ത്, മ്യാൻമർ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഏഷ്യൻ രാജ്യങ്ങൾ ആശ്രയിച്ചിരുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രമാണ് ഊ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നത്.

അതേസമയം, ഇന്ത്യ കയറ്റുമതി നിർത്തലാക്കിതോടെ സവാള ഉത്പാദിപ്പിക്കുന്ന മറ്റ് രാജ്യങ്ങൾ ഇത് ഒരു അവസരമായി കണക്കാക്കുന്നുവെന്ന ആക്ഷേപമുണ്ട്. ബംഗ്ലേദേശിൽ സവാള എത്തിക്കാനുള്ള ബദൽ മാർഗങ്ങൾ സർക്കാർ സ്വീകരിക്കുമ്പോൾ ഇന്ത്യൻ കയറ്റുമതി നിരോധനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മലേഷ്യ. ഇന്ത്യൻ സവാള ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് മലേഷ്യ.

അതേസമയം, സവാളയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത് ഗൾഫിലെ മലയാളികളടക്കമുള്ള പ്രവാസികൾക്കു തിരിച്ചടിയായി. ഇതിനുപകരം പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയെങ്കിലും രുചിയിൽ ഇന്ത്യൻ സവാളയ്ക്കു തുല്യമാകില്ല. നാടൻ വിഭവങ്ങൾക്കു ചെറുതായെങ്കിലും രുചിമാറ്റമുണ്ടാകാം. കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക ഗ്രോസറികളിൽ സവാളയ്ക്കു 4 ദിർഹം 50 ഫിൽസ് വരെ വില ഉയർന്നിരുന്നു. എന്നാൽ, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള സവാളയ്ക്ക് വില കുറവാണ്. പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ പാക്കിസ്ഥാൻ സവാളയ്ക്ക് 2 ദിർഹവും ഈജിപ്ഷ്യൻ സവാളയ്ക്ക് 1.70 ദിർഹവുമാണ് ഏകദേശ വില.