വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മായങ്ക് അഗർവാളിന് ഇരട്ട സെഞ്ച്വറി. കരിയറിലെ ആദ്യ സെഞ്ച്വറി തന്നെ മായങ്ക് ഇരട്ട സെഞ്ച്വറിയിലെത്തിച്ചു. 358 പന്തിൽ അഞ്ചു സിക്സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ചത്. നാല് വിക്കറ്റ് നഷ്ടത്തിൽ 432 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
ഓപ്പണർമാർ മികച്ച പ്രകടനം തുടർന്നതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. അഗർവാൾ 210 റണ്‍സോടെയും രവീന്ദ്ര ജഡേജ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ. വിക്കറ്റ് നഷ്ടം കൂടാതെ 202 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമ (176), ചേതേശ്വർ പൂജാര (ആറ്), ക്യാപ്റ്റൻ വിരാട് കൊഹ്‌ലി (20), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.
ഒന്നാം ദിനം മഴമൂലം ഇടയ്ക്ക് വെച്ച് മത്സരം നിറുത്തിവെയ്ക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 202 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് 115ഉം മായങ്ക് 84ഉം റൺസാണ് അപ്പോൾ നേടിയിരുന്നത്. നേരത്തേ ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററൻ താരം വൃദ്ധിമാൻ സാഹയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.