ആലപ്പുഴ: അരൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂർ-ഏഴുപുന്ന റോഡിന്റെ നിർമ്മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി തുറവൂർ എക്സിക്യുട്ടീവ് എഞ്ചിനീയർ എസ്.പിക്കാണ് പരാതി നൽകിയത്. തുടർന്ന് അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സെപ്റ്റംബർ 27ന് രാത്രി 11 മണിക്ക് ഷാനിമോൾ ഉസ്മാനും അമ്പതോളം കോൺഗ്രസ് പ്രവർത്തകരും ചേർന്നെത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താൻ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിർമാണപ്രവർത്തനം നടത്തിയത് തടയുകയാണ് ഷാനിമോൾ ഉസ്മാൻ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസെടുത്തിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂർ പ്രതികരിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുമുതൽ നടന്നുവരുന്ന നിർമാണ പ്രവൃത്തിയാണിതെന്നും ഇതാണ് ഷാനിമോളുടെ നേതൃത്വത്തിൽ തടഞ്ഞതെന്നും പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ പറയുന്നു.