തിരുവനന്തപുരം: ശബരിമലയിൽ ആചാരമാണ് പ്രധാനമെന്ന് മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റെെ പറഞ്ഞു. സ്ത്രീകളടക്കം ആരായാലും ആചാരം പാലിക്കണമെന്ന പ്രസ്താവനയിൽ തനിക്ക് ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരലംഘനത്തോട് യോജിപ്പില്ലെന്ന് ശങ്കർ റെെ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ആചാര ലംഘനം ആര് നടത്തിയാലും അത് ശരിയല്ലെന്നും ശങ്കർ റെെ വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങൾ തട്ടിക്കളഞ്ഞ് ആരും ശബരിമലയിൽ പോകരുതെന്നും എന്നാൽ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരാണെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിയത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എന്നതിനൊപ്പം താനൊരു വിശ്വാസിയാണെന്നും വ്രതമെടുത്ത് തന്നെ ശബരിമലയിൽ പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശങ്കർ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റുള്ളവർ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാൻ വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.