kummanam-rajashekharan

തിരുവനന്തപുരം: ബി.ജെ.പി പറഞ്ഞാൽ പഞ്ചായത്ത് മെമ്പർ സ്ഥാനത്തിനായി മത്സരിക്കാനും തയ്യാറാണെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ പറ‌ഞ്ഞു. വ്യക്തിപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വട്ടിയൂർകാവിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും പരാജയ ഭീതിയുണ്ട്. ഇനി മത്സരിക്കേണ്ട എന്നാണ് പാർട്ടി പറയുന്നതെങ്കിൽ താൻ അതും ചെയ്യു"മെന്നും കുമ്മനം പറഞ്ഞു. ഇരു മുന്നണികളും അവസരവാദികളാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ,​ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്നെ വർഗീയവാദിയാക്കിയവരാണ് ഇപ്പോൾ തന്നെ പുകഴ്ത്തുന്നതെന്നും കുമ്മനം പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം,​ കുമ്മനം രാജശേഖരനെ അവസാന നിമിഷം വെട്ടി എസ്.സുരേഷിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തിന് എതിരെ ബി.ജെ.പി അണികളിൽ അമർഷമുണ്ടെന്നാണ് വിവരം. കുമ്മനം രാജശേഖരൻ മത്സരിക്കാൻ തയ്യാറായിട്ടും പാർട്ടിയിലെ ഗ്രൂപ്പ്കളികളുടെ ഭാഗമായി ഒതുക്കപ്പെട്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം വട്ടിയൂർക്കാവിൽ നിന്ന് തന്നെ വെട്ടിയെന്നത് നുണ പ്രചരണമാണ് എന്നാണ് കുമ്മനത്തിന്റെ പ്രതികരണം. താൻ വട്ടിയൂർക്കാവിൽ നിന്ന് പിന്തിരിഞ്ഞ് പോകില്ലെന്നും മണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.