samsung

ബീജിംഗ്: കൊറിയൻ ടെക്ക് ഭീമനായ സാംസംഗ് ചൈനയിലുള്ള തങ്ങളുടെ മൊബൈൽ ഫോൺ നിർമാണം അവസാനിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്നലെയാണ് സാംസംഗ് ചൈനയിലുള്ള തങ്ങളുടെ ഫോൺ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. ലോകത്തിലെ ഏറ്റവും വലിയ കമ്പോളത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് പ്രാദേശിക ഉത്‌പന്നങ്ങളിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്നു എന്ന കാരണം പറഞ്ഞാണ് സാംസംഗ് പ്രൊഡക്ഷൻ അവസാനിപ്പിച്ചത്.

ചൈനീസ് നഗരമായ ഹൂയ്സുവിലെയും മറ്റും ഫാക്ടറികൾ അടച്ചുപൂട്ടിയ ശേഷമാണ് ചൈനയിലെ അവസാന ഫാക്ടറി സാംസംഗ് ഇന്നലെ അടച്ചുപൂട്ടിയത്. സാംസംഗിനെ കൂടാതെ സോണിയും ചൈനയിലെ തങ്ങളുടെ സ്മാർട്ഫോൺ നിർമാണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇനി തായ്‌ലൻഡിൽ നിർമാണ യൂണിറ്റുകൾ തുടങ്ങാനാണ് സോണിയുടെ പദ്ധതി. ചൈനയെ സംബന്ധിച്ച് സാംസംഗികന്റെ ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വലിയ മാറ്റമൊന്നുമുണ്ടാക്കില്ല.

ചൈനീസ് കമ്പോളത്തിലെ സാംസംഗിന്റെ ഇടപെടലുകൾ നിലവിൽ ഒരു ശതമാനം മാത്രമേയുള്ളൂ എന്നതാണ് ഇതിന് കാരണം. 2013ൽ ഇത് 15 ശതമായിരുന്നു. തങ്ങളുടെ നിർമാണ യൂണിറ്റുകൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ കമ്പനി ഒരുങ്ങുന്നത്. അതേസമയം താഴ്ന്ന നിർമാണചിലവുള്ള രാജ്യങ്ങളിലെ സ്മാർട്ഫോൺ നിർമാണം സാംസംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും വിയറ്റ്നാമുമാണ് ഇക്കൂട്ടത്തിൽ സാംസംഗ് പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ.