ന്യൂഡൽഹി:ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പ്രതികാരമായി ആക്രമണങ്ങൾ നടത്താൻ ജയ്ഷെ മുഹമ്മദ് ഭീകര സംഘം ഡൽഹിയിൽ എത്തിയെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനത്തെമ്പാടും സുരക്ഷ ശക്തമാക്കി. നിരവധി സ്ഥലങ്ങളിൽ സുരക്ഷാ ഏജൻസികൾ റെയ്‌ഡുകൾ നടത്തുകയാണ്.രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുർഗ്ഗാ പൂജ, രാംലീല ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറിയും, ഇന്റലിജൻസ് മേധാവിയും യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെയും പാക് ഭീകരർ ഉന്നമിട്ടിട്ടുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. മൂന്നോ നാലോ ഭീകരർ അടങ്ങുന്ന ജയ്ഷെ സംഘം ഡൽഹിയിൽ എത്തിയെന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസിലെ സ്‌പെഷൽ സെല്ലിന് രഹസ്യവിവരം കിട്ടിയത്.
കാശ്‌മീരിന്റെ പേരിൽ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പാക് ഭീകര സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾ, സൈനികത്താവളങ്ങൾ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ജയ്‌ഷെയുടെ തന്നെ മറ്റ് സംഘങ്ങൾ രാജ്യത്തിന്റെ പലയിടത്തും എത്തിയെന്നും സൂചനകളുണ്ട്. ഇത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചതായാണ് വിവരം.
ജയ്‌ഷെ മുഹമ്മദിന്റ എട്ടോ പത്തോ ഭീകരർ ഉൾപ്പെടുന്ന ഒരു മൊഡ്യൂൾ ജമ്മു കാശ്‌മീരിലെ വ്യോമത്താവളങ്ങളിൽ ചാവേറാക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ശ്രീനഗർ, ജമ്മു, അവന്തിപോര, ഹിൻഡാൻ വ്യോമസേനത്താവളങ്ങളിലും പരിസരങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ടിന് തൊട്ടു താഴെയുള്ള ഓറഞ്ച് അലർട്ട് ഗുരുതരമായ ഭീകര ഭീഷണിയുടെ സൂചനയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഈ പ്രദേശങ്ങളിലെ സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. പഞ്ചാബിലെ അമൃത്‌സർ, പത്താൻ കോട്ട് വ്യോമത്താവളങ്ങളിലും
അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഡൽഹിയിലെ വിവിധയിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിവരികയാണ്. രാജ്യത്തെ 30 നഗരങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.