വാഷിംഗ്‌ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ ഇരു രാജ്യങ്ങളിലുമായി പന്ത്രണ്ടര കോടി ജനങ്ങൾ ഉടൻ മരിക്കും. റേഡിയേഷനും പട്ടിണിയുമുൾപ്പെടെയുള്ള കാരണങ്ങളാൽ ലോകവ്യാപകമായി കൂടുതൽ ആളുകൾ പിന്നീട് മരിക്കുമെന്നും അമേരിക്കൻ ശാസ‌്‌ത്രജ്ഞരുടെ ഒരു പഠനത്തിൽ പറയുന്നു. സയൻസ് അഡ്വാൻസസ് എന്ന ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യ - പാക് ആണവ യുദ്ധം 2025ൽ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിരുകളിൽ മാത്രമായി ആണവ കെടുതികൾ ഒതുങ്ങില്ല. ലോകത്തെ ന്യൂക്ലിയർ ശൈത്യത്തിലേക്ക് തള്ളി വിടുന്ന ആണവയുദ്ധം ആഗോള കാലാവസ്ഥാ ദുരന്തത്തിനുമിടയാക്കും.
കാശ്‌മീരിന്റെ പേരിൽ പല തവണ യുദ്ധം ചെയ്‌ത ഇന്ത്യയും പാകിസ്ഥാനും ഇപ്പോൾ അതേ പ്രശ്‌നത്തിൽ മുമ്പെങ്ങുമില്ലാത്തത്ര ശത്രുതയിലാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണവയുദ്ധ സാദ്ധ്യതയെ പറ്റി അടിക്കടി പറയുന്നുമുണ്ട്. സാഹചര്യത്തിനനുസരിച്ച് ആണവായുധ നയം തീരുമാനിക്കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭീകര ബന്ധം കാരണം ആണവായുധങ്ങൾ ഭീകരരിൽ എത്താനും സാദ്ധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.
പഠനത്തിലെ നിഗമനങ്ങൾ
2025 ഇരു രാജ്യങ്ങൾക്കും കൂടി 400 മുതൽ 500 വരെ ആണവായുധങ്ങളുണ്ടാകും.
15 കിലോ ടൺ മുതൽ നൂറ് കണക്കിന് കിലോ ടൺ വരെ സ്‌ഫോടന ശേഷിയുള്ള ആണവായുധങ്ങളുണ്ടാകും.
1945ൽ ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ഇട്ട ആറ്റം ബോംബിന്റെ ശേഷി 15 കിലോ ടൺ ആയിരുന്നു.
ന്യൂക്ലിയർ ആയുധങ്ങളുടെ സ്‌ഫോടനം സൃഷ്ടിക്കുന്ന കട്ടിയുള്ള പുകപടലങ്ങൾ (ആണവ മേഘം) പത്ത് വർഷത്തോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും
ന്യൂക്ലിയർ മേഘം സൂര്യനെ മറയ്‌ക്കുമ്പോൾ ഭൂമിയുടെ വലിയൊരു ഭാഗത്ത് കാലാവസ്ഥ തകിടം മറിയും
ആണവ ശൈത്യം എന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ താപനില ക്രമാതീതമായി കുറയും
ഭൂമിയിൽ സസ്യജാലങ്ങൾ 15 മുതൽ 30 ശതമാനം വരെ കുറയും
സമുദ്രോത്പന്നങ്ങൾ 15 ശതമാനം വരെ കുറയും
കെടുതികളിൽ നിന്ന് ഭൂമി കരകയറാൻ പത്ത് വർഷം വേണ്ടിവരും