ന്യൂഡൽഹി: പാകിസ്ഥാനിൽ നവംബർ 9ന് നടക്കാനിരിക്കുന്ന കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പങ്കെടുക്കും. ഇടനാഴിയിലൂടെയുള്ള ആദ്യ യാത്രാസംഘത്തിലും അദ്ദേഹമുണ്ടാകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഉദ്ഘാടന ചടങ്ങിലേക്ക് മൻമോഹനെ ക്ഷണിച്ചത്. അമരീന്ദറിന്റെ ക്ഷണം സ്വീകരിച്ച് മൻമോഹനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാം നാഥ് കോവിന്ദും ചടങ്ങിൽ പങ്കെടുക്കും.
സിക്ക് സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ മൻമോഹൻസിംഗിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി നേരത്തേ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും സിഖുമത വിശ്വാസി ആയതു കൊണ്ടുമാണ് ക്ഷണമെന്നുമായിരുന്നു ഖുറേഷിയുടെ വിശദീകരണം. എന്നാൽ, ഇന്ത്യൻ പ്രതിനിധി ആയിട്ടാണ് മൻമോഹൻ സിംഗ് ചടങ്ങിൽ പങ്കെടുക്കുന്നത്. പാകിസ്ഥാന്റെ ക്ഷണം സ്വീകരിക്കാൻ മൻമോഹൻ തയ്യാറായേക്കില്ലെന്ന് അദ്ദേഹത്തിന്റെ ഒാഫീസും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന കാലയളവിൽ പോലും മൻമോഹൻ സിംഗ് ഒരിക്കലും പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ലെന്ന് കോൺഗ്രസ് പാർട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഇടപെടലിനെ തുടർന്ന് പഞ്ചാബ് സർക്കാരിന്റെ ക്ഷണം സ്വീകരിക്കാൻ മൻമോഹൻ തയാറാവുകയായിരുന്നു. സുൽത്താൻ പൂരിൽ നടക്കുന്ന പ്രധാന പരിപാടികളിലും ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി അദ്ദേഹം പങ്കെടുക്കും . എന്നാൽ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി നിർദ്ദേശിക്കുകയും കഴിഞ്ഞ വർഷം പണി ആരംഭിക്കുകയും ചെയ്ത ഈ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റി നിറുത്തുന്നതായിരുന്നു പാകിസ്ഥാന്റെ നീക്കം.
കർത്താർപുർ
പാക് അധീനതയിലുള്ള പഞ്ചാബിലെ കർത്താർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, അതിർത്തിയോട് തന്നെ ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാദ്ധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കർത്താർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർത്ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതൽ. ഇന്ത്യാ-പാക് ചർച്ചയെ തുടർന്ന്, പ്രതിദിനം 5000 ഇന്ത്യക്കാർക്ക് വിസയില്ലാതെ കർത്താർപൂർ ഗുരുദ്വാരയിൽ പോകാനാൻ വഴിയൊരുങ്ങിയിട്ടുണ്ട്. പാസ്പോർട്ടുള്ളവർക്കും ഇന്ത്യൻ ഓവർസീസ് പൗരത്വ കാർഡുള്ളവർക്കും വിസയില്ലാതെ ഇടനാഴി വഴി ഗുരുദ്വാര സന്ദർശിക്കാം എന്നതാണ് പ്രധാന നേട്ടം.
'' പാകിസ്ഥാൻ സന്ദർശിക്കുന്നതിലും കർത്താർപൂർ ഇടനാഴിയിലൂടെ ഗുരുദ്വാര സന്ദർശിക്കുന്നതിലും വലിയ വ്യത്യാസമുണ്ട്. ഞാൻ പാകിസ്ഥാൻ സന്ദർശിക്കുമോ എന്നൊരു ചോദ്യമേ ഉയരുന്നില്ല. ഡോ.മൻമോഹൻ സിംഗും പാകിസ്ഥാൻ സന്ദർശിക്കില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്" - പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്