തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായി പ്രധാന റോഡുകളിലെ ഓരോ 25 കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോർഡ്. അടുത്ത രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയാണ് വൈദ്യുത ബോർഡ് തയാറാക്കിയിരിക്കുന്നത്. ഇതിനായുള്ള സമീപ രേഖ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ദീർഘദൂര യാത്രക്കായി ഉപയോഗിക്കുന്ന വൈദ്യുതി ഭവനിലെ ഏതാനും വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ അടുത്ത വർഷത്തോടെ ഇലക്ട്രിക് കാറുകളാക്കി മാറ്റാനും വൈദ്യുതി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത ഘട്ടത്തിൽ ബോർഡിലെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക്കായി മാറ്റും. സർക്കാർ വാഹനങ്ങളെല്ലാം ഇലക്ട്രിക്കാക്കി മാറ്റണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിലേക്ക് അഞ്ച് വാഹനങ്ങൾ വാങ്ങാൻ ധനവകുപ്പും അനുമതി നൽകിയിട്ടുണ്ട്. കെ.ടി.ഡി.എഫ്.സിക്കും ഒരു ഇലക്ട്രിക്ക് കാർ വാങ്ങാൻ പദ്ധതിയുണ്ട്. സംസ്ഥാനമൊട്ടാകെ ചാർജിംഗ് സ്റ്റേഷനുകൾ വരുന്നതോടെ ജനങ്ങൾ ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമെ ബാറ്ററി മാറ്റിയെടുക്കാനുള്ള സ്റ്റേഷനുകളും സർക്കാർ സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരും ടെൻഡറുകൾ ക്ഷണിച്ചിരുന്നു.
വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുമാറ്റാൻ കേരളം സജ്ജമാണെന്നും 2022ഓടെ സംസ്‌ഥാനത്ത് പത്തുലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജൂണിൽ കൊച്ചിയിൽ വച്ച് പറഞ്ഞിരുന്നു. 2022ഓടെ രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങൾ, ആയിരം ചരക്കുവാഹനങ്ങൾ, അരലക്ഷം ത്രീവീലറുകൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ തുടങ്ങിയവയായിരിക്കും വൈദ്യുത ശ്രേണിയിൽ പുറത്തിറക്കുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊതുഗതാഗത രംഗത്ത് 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള നഗരമായി വൈകാതെ തിരുവനന്തപുരം മാറും. സംസ്‌ഥാനത്ത് വൈദ്യുത വാഹന മേഖലകളും (ഇ.വി. സോണുകൾ) പരിഗണനയിലാണ്. മൂന്നാർ, കോവളം, ബേക്കൽ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സെക്രട്ടറിയേറ്റ്, ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങിയവയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും. അദ്ദേഹം പറഞ്ഞിരുന്നു.