sing

കൊല്ലം: ജയിൽ ജീവനക്കാർക്കും അന്തേവാസികൾക്കും അച്ചടക്കത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ജയിലിൽ തടവുകാർക്കായി ആരംഭിച്ച മൃഗസംരക്ഷണ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ വേളകളിൽ പുറത്ത് നിന്ന് കഞ്ചാവ്, മൊബൈൽ ഫോൺ മുതലായവ ജയിലിനുള്ളിൽ എത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്.

പരിശോധനകൾ സ്ഥിരമായി നടത്തുന്നുണ്ടെങ്കിലും അനുവദനീയമായ കാര്യങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകില്ല. ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് മാന്യമായി സ്വയംതൊഴിൽ ചെയ്‌ത് ജീവിക്കാനൊരു മാർഗം എന്നതാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിചാരണ തടവുകാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.

സംസ്ഥാനത്തെ 55 ജയിലുകളിലും സ്ഥലപരിമിതി എന്ന പോരായ്മ നിലനിൽക്കുമ്പോഴും കുറഞ്ഞത് രണ്ട് പരിശീലന പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. കുട, ഫർണിച്ചർ നിർമ്മാണം, അലങ്കാര മത്സ്യകൃഷി എന്നിങ്ങനെ തടവുകാർക്കായി പല പദ്ധതികളും നടക്കുന്നുണ്ട്. ഓൺലൈൻ ഭക്ഷണവിതരണം കേരളത്തിലെ ജയിലുകളുടെ മാത്രം പ്രത്യേകതയാണെന്നും എട്ടു ജില്ലകളിൽ ഇവ വലിയ വിജയമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തിന്റെ ഭാഗമായി ജയിൽ സൂപ്രണ്ടിന് ആട്ടിൻകുട്ടിയെ അദ്ദേഹം കൈമാറി. തടവുകാർ നിർമ്മിച്ച കുടകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ബി.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡോളിമാേൾ പി.ജോർജ്, ജില്ലാ ജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബു, റിസർച്ച് അക്കാഡമി ഫോർ ക്രിയേറ്റീവ് എക്‌സലൻസ് ചെയർമാൻ എം.സി. രാജിലൻ, മൃഗസംരക്ഷണ വകുപ്പ് അസി.ഡോ.ഡി. ഷൈൻകുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ-

കൊല്ലം ജില്ലാ ജയിലിൽ തടവുകാർക്കായി നടത്തിയ മൃഗസംരക്ഷണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു