സ്വകാര്യ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന്റെ മൂല്യം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ മറികടന്ന് മുന്നേറി. ബോംബെ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിന്റെ കണക്കുപ്രകാരം 2.31 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാൻസിന്റെ മൂല്യം (മാർക്കറ്ര് കാപ്പിറ്റലൈസേഷൻ). എസ്.ബി.ഐയുടെ മൂല്യം 2.28 ലക്ഷം കോടി രൂപയാണ്. 2016 മാർച്ചിൽ ബജാജ് ഫിനാൻസിന്റെ മൂല്യം 37,000 കോടി രൂപയും എസ്.ബി.ഐയുടേത് 1.5 ലക്ഷം കോടി രൂപയുമായിരുന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ പത്താംസ്ഥാനത്താണ് ഇപ്പോൾ ബജാജ് ഫിനാൻസ്.
മികച്ച 30 പേരടങ്ങുന്ന ബോംബെ ഓഹരി സൂചികയിൽ പത്താം സ്ഥാത്താണ് ബജാജ് ഫിനാൻസ്. റിലയൻസ് ഇൻഡസ്‌ട്രീസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്.ഡി.എഫ്.സി. ലിമിറ്റഡ്, ഇൻഫോസിസ്, കോട്ടക് ബാങ്ക്, ഐ.ടി.സി, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവരാണ് ബജാജിന് മുന്നിലുള്ളത്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് മൂലധനകണക്കിൽ രാജ്യത്തെ മുഴുവൻ പൊതുമേഖലാ ബാങ്കുകളുടെ വിപണി മൂല്യത്തേക്കാൾ മുന്നിലെത്തിയത്.