തിരുവനന്തപുരം: കോടിയേരിയുമായോ അദ്ദേഹത്തിന്റെ മകൻ ബിനീഷുമായോ യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പാലായിലെ നിയുക്ത എം.എൽ.എ മാണി സി. കാപ്പൻ തന്നിൽ നിന്നും 3.5 കോടി രൂപ തട്ടിയെടുത്തുവെന്നും പറഞ്ഞ് വ്യവസായി ദിനേശ് മേനോൻ. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്നും കാപ്പൻ പണം ഇതിൽ 25 ലക്ഷം മാത്രമേ തിരികെ തന്നിട്ടുള്ളുവെന്നും ദിനേശ് പറയുന്നു.
'കാപ്പൻ തന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം തിരിച്ച് തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകൾ തന്നത്. എന്നാൽ അതെല്ലാം മടങ്ങി. ഭൂമി തരാം എന്ന് പറഞ്ഞു. എന്നാൽ അതും തട്ടിപ്പായിരുന്നു. ബാങ്കിൽ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ച കുമരകത്തെ സ്ഥലമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. കാപ്പൻ പൂർണമായും വഞ്ചിക്കുകയാണ് ചെയ്തത്. 2012ൽ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച് തന്നത്.' ദിനേശ് മേനോൻ വിശദീകരിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ)16 ശതമാനം ഓഹരി നൽകാമെന്നായിരുന്നു കാപ്പൻ വാഗ്‌ദാനം നൽകിയിരുന്നതെന്നും 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യമെന്നും ദിനേശ് പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ യോഗത്തിന് തന്നെ ക്ഷണിച്ചിരുന്നു. അന്ന് വി.എസ് അച്ച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. യോഗത്തിനായാണ് താൻ തിരുവനന്തപുരത്ത് വന്നത്. മാണി സി കാപ്പൻ തന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ വീട്ടിൽ തന്നെ കൊണ്ടുപോകുകയായിരുന്നു. ദിനേശ് പറയുന്നു.
കേസിൽ മാണി സി.കാപ്പൻ വിചാരണ നേരിടുകയാണെന്നും പണം തിരിച്ചു കിട്ടാനായി താൻ എൻ.സി.പി നേതാക്കളെ ബന്ധപ്പെട്ടിരുന്നെന്നും ദിനേശ് മേനോൻ പറഞ്ഞു. മാണി സി. കാപ്പൻ എൻ.സി.പിയുടെ ട്രഷറർ ആണെന്നും അദ്ദേഹം എങ്ങനെ പണം കൊണ്ടുവരുന്നു എന്ന കാര്യം തനിക്ക് വിഷയമല്ലെന്നുമായിരുന്നു എൻ.സി.പി നേതാവ് പീതാംബരൻ മാസ്റ്റർ തന്നോട് പറഞ്ഞിരുന്നതെന്നും ഇതൊക്കെ കാരണമാണ് താൻ വാര്ത്താസമ്മേളനം വിളിച്ച് ഇക്കാര്യങ്ങളൊക്കെ പറയുന്നതെന്നും ദിനേശ് പറഞ്ഞു.