ഇനി തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിലെ കോഫീ ഹൗസിൽ 'രാജാക്കന്മാ'രെ മാത്രമല്ല 'റാണി'മാരെയും കാണാം. കോഴിക്കോടിനും, കണ്ണൂരിനും ശേഷം തിരുവനന്തപുരത്തെ കോഫീ ഹൗസിലും രുചി വിളമ്പാനായി മഹിളകൾ എത്തിയിരിക്കുകയാണ്. ശ്രീന, ശ്രീക്കുട്ടി എന്നിവരാണ് കോഫീ ഹൗസിൽ വെയിറ്റർമാരായി ജോലിയിൽ പ്രവേശിച്ചത്. ഒരുപാട് നാൾ നിയമപോരാട്ടം നടത്തിയ ശേഷമാണ് ഇവർ ഈ ജോലി സമ്പാദിച്ചെടുത്തത്. ആശ്രിത നിയമനം വഴിയാണ് ഇരുവർക്കും ജോലി കിട്ടിയത്. ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇവർക്ക് കോഫീ ഹൗസ് വെയിറ്റർമാർ സാധാരണ ധരിക്കുന്ന തലപ്പാവും യൂണിഫോമും ലഭിക്കും. 1958 ലാണ് കോഫീ ഹൗസ് ആരംഭിച്ചത്. പക്ഷെ അന്നുമുതൽ സ്ത്രീകളെ അവിടെ ജോലിക്കെടുത്തിരുന്നില്ല. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്നതിനാൽ ബുദ്ധിമുട്ടാകും എന്ന കാരണം കാട്ടിയാണ് സ്ത്രീകളെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നത്.