കൊച്ചി: കോട്ടയം പള്ളത്തുള്ള ഡയമണ്ട് റോളർ ഫ്ളവർ മില്ലിന് സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായുള്ള ബിസിനസ് ഇനീഷ്യേറ്റീവ് ഡയറക്‌ഷൻസും (ബി.ഐ.ഡി) മാഡ്രിഡ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ വേൾഡ് ക്വാളിറ്റി പുരസ്‌കാരം. ഈവർഷം പ്ളാറ്റിനം സ്‌റ്റാർ വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് അവാർഡ് നേടിയ ഏക കമ്പനിയാണിത്.
മാഡ്രിഡിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്‌ടർ ടി.കെ. അമീർ അലി, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സി.ബി.വി. സിദ്ദിഖ് എന്നിവർ ചേർന്ന് ബി.ഐ.ഡി സി.ഇ.ഒ ജോസ് ഇ. പ്രീറ്റോ, മാഡ്രിഡ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അൽഫോൺസോ സി. കാസൽ എന്നിവരിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.
1992 മുതൽ പള്ളത്ത് പ്രവർത്തിക്കുന്ന ഡയമണ്ട് റോളർ ഫ്ളവർ മിൽ മൈദ, ആട്ട, റവ എന്നിവയുടെ മൊത്ത വ്യാപാരമാണ് നടത്തുന്നത്. ഇന്ത്യയിലും മിഡിൽ ഈസ്‌റ്റിലും വ്യാപാരമുണ്ട്. 200 കോടി രൂപയാണ് വിറ്റുവരവ്. 30 കോടി രൂപയുടേതാണ് കയറ്റുമതി. വിപുലീകരണത്തിന്റെ ഭാഗമായി 40 കോടി രൂപ ചെലവിൽ സ്വിറ്റ്‌സർലൻഡിൽ നിന്ന് വാങ്ങിയ പുതിയ മെഷീനറികൾ സ്ഥാപിച്ചിട്ടുണ്ട്. 300 ടണ്ണാണ് നിലവിൽ പ്രതിദിന ഉത്‌പാദനം.
ജനുവരിയോടെ ഡയമണ്ട് ബ്രാൻഡിൽ ചക്കി ആട്ട റീട്ടെയിൽ വില്‌പനയ്ക്ക് എത്തിക്കുമെന്ന് ടി.കെ. അമീർ അലി പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു കിലോ, രണ്ടു കിലോ, അഞ്ചുകിലോ എന്നിങ്ങനെയായിരിക്കും പായ്‌ക്കുകൾ. കേരളം, തമിഴ്‌നാട്, കർണാടക, മിഡിൽ ഈസ്‌റ്റ് എന്നിവിടങ്ങളിൽ ലഭ്യമാകും. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സി.ബി.വി. സിദ്ദിഖ്, ജനറൽ മാനേജർ (ഫിനാൻസ്) പ്രദീപ് ചെറിയാൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.