deepak

പൂനെ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി- ശിവസേന സഖ്യമായ മഹായുതിയുടെ ഭാഗമായി മത്സരിക്കാൻ തയ്യാറെടുത്ത് അധോലോക നായകൻ ഛോട്ടാ രാജന്റെ സഹോദരൻ ദീപക്ക് നികൽജും. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഫൽട്ടൻ നിയമസഭാ സീറ്റിലാണ് ദീപക് മത്സരിക്കുന്നത്. മഹായുതിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ (അത്താവലെ - എ) യുടെ സ്ഥാനാർത്ഥിയാണ് ദീപക്.

കേന്ദ്രമന്ത്രി രാംദാസ് അത്താവലെയാണ് റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ (എ)യുടെ നേതാവ്. അത്താവലെയാണ് ഇന്നലെ പാർട്ടി സ്ഥാനാർത്ഥികളെ മുംബയിൽ പ്രഖ്യാപിച്ചത്. ബി.ജെ.പിയും ശിവസേനയുമായുള്ള സീറ്റ് ധാരണയെത്തുടർന്ന് ആറ് സീറ്റാണ് ഇത്തവണ അത്താവലെയുടെ പാർട്ടിക്ക് ലഭിച്ചത്. ഈ മാസം 21നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അത്താവലെയുടെ പാർട്ടിയിൽ അംഗമായ ദീപക് നേരത്തേ മുംബയിലെ ചെമ്പൂർ നിയമസഭാ സീറ്റിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഫൽട്ടണെ കൂടാതെ, മൽഷിരസ്, ബന്താര, നയ്ഗോൺ, പത്രി, മാൻകുർദ് - ശിവാജി നഗർ സീറ്റുകളിലാണ് റിപ്പബ്ലിക്കൻ പാർട്ടി മത്സരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന സീറ്റ് വിഭജനത്തിൽ വ്യാപക പ്രതിഷേധസ്വരങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേഴ്സണൽ അസിസ്റ്റന്റ് അഭിമന്യു പവാറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയും പാർട്ടിയിൽ അമർഷം പുകയുകയാണ്.