sreedharan-pillai

കല്പറ്റ: ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും നിഴൽയുദ്ധമാണ് നടത്തുന്നതെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾക്കു മുന്നിൽ പരസ്പരം അങ്കം വെട്ടുന്ന ഇരു മുന്നണികളും തിരഞ്ഞെടുപ്പിന് തലേന്ന് ഒന്നിക്കുന്നതാണ് ചരിത്രം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും എൻ.ഡി.എ സഖ്യം വിജയിക്കും. ഈ മണ്ഡലങ്ങളിൽ 3,500 വരെ വോട്ടിന്റെ കുറവേയുള്ളൂ ബി.ജെ.പിക്ക്. തിരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടെ എല്ലാ വിഷയവും ചർച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ ബി.ജെ.പിക്ക് 17 കോടി അംഗങ്ങളുണ്ട്. പാർട്ടിയിൽ ആരു മത്സരിക്കണമെന്നു തീരുമാനിക്കുന്നത് പാർലമെന്ററി ബോർഡാണ്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് ലീഗും വോട്ട് പിടിച്ചതിനാലാണ് യു.ഡി.എഫ് വിജയിച്ചത്. അവരാണ് ഇപ്പോൾ രാജ്യത്ത് ഭയരഹിതമായി ജീവിക്കാനാകുന്നില്ലെന്ന് പ്രചാരണം നടത്തുന്നത്. ഏറ്റവും കൂടുതൽ പട്ടികജാതി, പട്ടികവർഗ, ക്രിസ്ത്യൻ എം.എൽ.എമാരുള്ള പാർട്ടിയാണ് ബി.ജെ.പി. രാജ്യത്ത് ഒരു ശതമാനം മാത്രം വോട്ടുള്ള സി.പി.എം ബി.ജെ.പിയെ പഠിപ്പിക്കാൻ മുതിരുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.