കൊല്ലം: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മകൻ ബിനീഷ് എന്നിവർക്കും പാലായിൽ അട്ടിമറിജയം നേടിയ മാണി സി. കാപ്പനും എതിരെ കൈക്കൂലി ആരോപണവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിൽ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ വിമാനത്താവളം ഓഹരി ഇടപാടിന്റെ പേരിൽ മാണി സി. കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബയ് മലയാളി വ്യവസായി ദിനേശ് മേനോൻ സി.ബി.ഐക്ക് പരാതി നൽകിയിരുന്നു. കാപ്പൻ സി.ബി.ഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ കോടിയേരിയുടെയും മകന്റെയും പേര് പരാമർശിക്കുന്നതായാണ് ഷിബുവിന്റെ ആരോപണം.
കാപ്പൻ സി.ബി.ഐക്ക് നൽകിയ മറുപടി ഇപ്രകാരമെന്നാണ് ഷിബു പറയുന്നത്: 'കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ ദിനേശ് മേനോൻ എന്നോട് പറഞ്ഞു, കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനീഷിനെയും പരിചയപ്പെടണമെന്ന്. ഞാൻ അവരെ പരിചയപ്പെടുത്തിക്കൊടുത്തു. പണം കൊടുക്കലിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോഴാണ് ചില പേയ്‌മെന്റുകൾ അദ്ദേഹം നടത്തിയെന്ന് മനസിലാക്കിയത് '. ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞതായും കാപ്പൻ സി.ബി.ഐക്കു നൽകിയ മറുപടിയിലുണ്ട്. കാപ്പന്റെ മൊഴിയുടെ പകർപ്പും ഷിബു പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോടിയേരിയുടെ പേര് പരാമർശിച്ച് സി.ബി.ഐക്ക് എഴുതി നൽകിയ ഈ മൊഴിയിൽ കാപ്പൻ ഉറച്ചുനിൽക്കുന്നുണ്ടോയെന്നും ഷിബു ചോദിക്കുന്നു.
തിരഞ്ഞെടുപ്പ് സ്റ്രണ്ട് : കാപ്പൻ
കോട്ടയം: കോടിയേരിക്കും മകനുമെതിരെ താൻ സി.ബി.ഐക്ക് പരാതി നൽകിയെന്ന ഷിബുവിന്റെ ആരോപണം അടിസ്ഥാനരഹിതവും തിരഞ്ഞെടുപ്പ് സ്റ്റണ്ടുമാണെന്ന് മാണി സി. കാപ്പൻ പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും.
മേഘാലയയിൽ സ്ഥലം വാങ്ങുന്നതിന് ദിനേശ് മേനോനുമായി കരാറുണ്ടാക്കിയിരുന്നു. അഡ്വാൻസായി ഒരു കോടി 85 ലക്ഷം രൂപ വാങ്ങി. കച്ചവടം നടക്കാതെ വന്നപ്പോൾ പലിശ സഹിതം അദ്ദേഹം മൂന്നരക്കോടി രൂപ ആവശ്യപ്പെട്ടു. 25 ലക്ഷം തിരികെ നൽകി. ബാക്കി തുകയ്ക്ക് ചെക്കും നൽകി. ചെക്ക് പാസാകാതെ വന്നപ്പോൾ ദിനേശ് മേനോൻ മുംബയ് കോടതിയിൽ കേസ് നൽകി. ഇക്കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സി.ബി.ഐയിൽ നിന്നാണെന്നു പറഞ്ഞ് തനിക്ക് ഫോൺ ചെയ്ത എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. സി.ബി.ഐ ശിക്ഷാ നടപടിയും എടുത്തു. ദിനേശ് മേനോനെ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഇവരെ ഒഴിവാക്കി കോടിയേരിയെയും മകനെയും ഉൾപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്.
കാപ്പൻ വഞ്ചിച്ചു, കോടിയേരിയുമായി
ഇടപാടില്ല: ദിനേശ് മേനോൻ
മുംബയ്: കണ്ണൂർ വിമാനത്താവളം കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്ത് മാണി സി. കാപ്പൻ പണം വാങ്ങി വഞ്ചിച്ചെന്നും കോടിയേരി ബാലകൃഷ്ണനുമായി ഒരിടപാടും നടന്നിട്ടില്ലെന്നും ദിനേശ് മേനോൻ പറഞ്ഞു. ഓഹരി കിട്ടിയില്ല. പണം തിരിച്ചു നൽകാനും തയ്യാറായില്ല. തുടർന്ന് കാപ്പനെതിരെ സി.ബി.ഐക്ക് പരാതി നൽകി. കോടിയേരി ആഭ്യന്തരമന്ത്രിയായപ്പോൾ ഒരു തവണ കണ്ടിട്ടുണ്ട്. എന്നാൽ, ബിനീഷിനെ കണ്ടിട്ടുപോലുമില്ലെന്നും ദിനേശ് മേനോൻ പറഞ്ഞു.
അടിസ്ഥാനമില്ലാത്തത്: കോടിയേരി
ന്യൂഡൽഹി: ഷിബു ബേബിജോണിന്റെ ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിഷേധിച്ചു. 'എന്നെ ഇക്കാര്യത്തിൽ വലിച്ചിഴയ്ക്കുന്നതെന്തിനാണ്?. പാലാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെനഞ്ഞതാണ് ആരോപണം. പക്ഷേ ഏശിയില്ല. മാദ്ധ്യമങ്ങൾ ഏറ്റുപിടിക്കുന്നതു കൊണ്ടാണ് ആരോപണങ്ങൾ വീണ്ടും ഉയർന്നത്".