ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കാശ്മീർ വിഷയത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ 10 കോടിയിലേറെപ്പേൾ കൊല്ലപ്പെടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല ലോകത്തിന് തന്നെ വലിയ കാലാവസ്ഥ മാറ്റവും സംഭവിക്കുമെന്നും പറയുന്നു. റിപ്പോർട്ട് തയ്യാറാക്കിയവരിൽ ഒരാളായ അമേരിക്കയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസർ അലൻ റൊബോക്ആണ് ഇക്കര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
ശാസ്ത്രജ്ഞർ കംപ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് 2025 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭവിക്കാനിടയുള്ള ഒരു യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. സയൻസ് അഡ്വാൻസസ് എന്ന പ്രസിദ്ധീകരണമാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനോടകം തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കാശ്മീർ വിഷയത്തെ തുടർന്ന് സംഘർഷം ഉണ്ടായിട്ടുണ്ട്. 2025ഓടെ 400 മുതൽ 500 ആണവായുധങ്ങൾ വരെ ഇരു രാജ്യങ്ങളും ശേഖരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആണവായുധം പ്രയോഗിച്ചാൽ 12 കോടിയിലേറെപ്പേൾ ഒരാഴ്ച കൊണ്ട് വെന്തു മരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മരണ സംഖ്യ കൂടിവരും. വലിയ നാശനഷ്ടങ്ങൾക്ക് പുറമെ ആഗോള കാലാവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കുമെന്നും പറയുന്നു. ആണവായുധം പ്രയോഗിച്ചാൽ 16 മുതൽ 36 മില്യൺ കാർബൺ പുകപടലങ്ങൾ അന്തരീക്ഷത്തിന്റെ ഉപരി മണ്ഡലത്തിൽ എത്തുകയും ലോകമാകെ വ്യാപിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിന്റെ അളവ് 20-35 ശതമാനം വരെ കുറയും. ഇപ്പോൾ ലഭിക്കുന്ന മഴയുടെ അളവ് 15-30 ശതമാനം വരം കുറയും.
അടുത്ത പത്ത് വർഷത്തോളം ഇതിന്റെ ദുരിതം വലിയ രീതിയിൽ അനുഭവിക്കും. ആറു വർഷം നീണ്ടുനിന്ന രണ്ടാം ലോക യുദ്ധത്തിൽ മരണപ്പെട്ടതിനേക്കാൾ കൂടുതലായിരിക്കും ആണവായുധം പ്രയോഗിച്ചാൽ സംഭവിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയെയും പാക്കിസ്ഥാനെയും സംബന്ധിച്ചിടത്തോളം ഈ അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് ദക്ഷിണേഷ്യയെ - ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം അപകടത്തിലാക്കുന്നുവെന്നാണ് പഠനം പറയുന്നത്.