marad-flat-

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയിരുന്ന സമയ പരിധി രാത്രി 12 മണിവരെ നീട്ടി. അതുവരെ ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം പുനരധിവാസത്തിന് സർത്താർ ഒരുകോടി അനുവദിച്ചിട്ടുണ്ട്.

ഫ്ളാറ്റുകൾ ഒഴിയാൻ സർക്കാർ അനുവദിച്ച സമയപരിധി ഇന്നു വൈകിട്ട് അഞ്ചു മണിക്ക് അവസാനിച്ചെങ്കിലും സാവകാശം നൽകുകയായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം, 328 അപ്പാർട്ട്മെന്റുകളിൽ നിന്ന് 103 കുടുംബങ്ങൾ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാർട്ട്െന്റുകൾ ഇനിയും ഒഴിയാനുണ്ട്. ഫ്ലാറ്റ് ഒഴിയാൻ കൂടുതൽ സമയം ഇനി അനുവദിക്കാനാവില്ലെന്ന് സബ് കളക്ടർ അറിയിച്ചുണ്ട്. എന്നാൽ ഇപ്പോൾ നീട്ടിയ സമയം മതിയാകില്ലെന്നും കൂടുതൽ സമയം വേണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ ഒഴിയാതെ രക്ഷയില്ലെന്ന് മരട് ന​ഗരസഭയും അറിയിച്ചു.

മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പട്ടിക കിട്ടാത്തതിനാല്‍ ആശങ്കയിലാണ് പല ഫ്ളാറ്റുടമകളും. ഒഴിപ്പിക്കൽ നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. എ.സി.പി ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്

ന​ഗരസഭയിലെത്തിയത്. ഉടമകളുടെ ഭാ​ഗത്തുനിന്ന് ചെറുത്തുനിൽപ്പുണ്ടായാൽ നടപടി സ്വീകരിക്കുക ലക്ഷ്യമിട്ടാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. പി.ആർ.ഡി അടക്കമുള്ള സംഘത്തോട് 12 മണി വരെ തുടരണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.