വെല്ലൂർ: രാജ്യത്ത് എം.എസ്.എം.ഇ രംഗത്ത് അഞ്ചുകോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിലവിൽ, ഈ രംഗത്ത് 11 കോടിപ്പേർ തൊഴിലെടുക്കുന്നുണ്ട്. ഇന്ത്യൻ ജി.ഡി.പിയുടെ 24 ശതമാനവും എം.എസ്.എം.ഇയുടെ പങ്കാണ്. കാർഷിക മേഖലയുടെ സംഭാവന അഞ്ചു ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ (വി.ഐ.ടി) 34-ാമത് വാർഷിക കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച സംവാദം, നേതൃപാടവം, പ്രശ്നപരിഹാരം, തന്ത്രപ്രധാന ചിന്താഗതി എന്നീ വൈദഗ്ദ്ധ്യങ്ങൾ ആർജ്ജിക്കാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഴിയണം. നവീനവത്കരണത്തിന്റെ ആശയപാതയിലൂടെ സഞ്ചരിക്കാൻ എൻജിനിയർമാർ ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിപ്രോ ഗ്ളോബൽ ടാലന്റ് അക്വിസിഷൻ മേധാവി വിശ്വാസ് ദീപ്, വി.ഐ.ടി ചാൻസലർ ഡോ.ജി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.