arrest

ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്ത് ഷെഫീൻ ബം​ഗളൂരുവിൽ അറസ്റ്റിലായി. റാഫിക്ക് ബം​ഗളൂരുവിൽ താമസ സൗകര്യം ഒരുക്കിയത് ഷെഫീനായിരുന്നു. രണ്ട് ദിവസം മുമ്പ് റാഫി ബം​ഗളൂരുവിൽ എത്തിയിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ 12 പേരാണ് ഇതുവരെ അറസ്റ്റിലായത്.


ഇതിനിടെ സേലത്ത് പിടിയിലായ ധർമപുരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയും വെല്ലൂർ സ്വദേശിയുമായ മുഹമ്മദ് ഇർഫാന്റെ പിതാവ് മുഹമ്മദ് ഷാഫി എം.ബി.ബി.എസ് നേടിയിട്ടില്ലെന്നും വ്യാജ ഡോക്ടറാണെന്നും പൊലീസ് കണ്ടെത്തി. വർഷങ്ങളായി തമിഴ്നാട്ടിലെ വാണിയമ്പാടി തിരുപ്പത്തൂരിൽ ക്ളിനിക് സ്ഥാപിച്ച് ചികിത്സിക്കുകയായിരുന്നു ഇയാൾ.

1990ൽ തമിഴ്നാട്ടിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഷാഫി മൂന്ന് വർഷത്തിനുശേഷം പഠനം ഉപേക്ഷിച്ചു. പിന്നീട് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി ക്ലിനിക് തുടങ്ങുകയായിരുന്നു.

ഇതുവരെ അറസ്റ്റിലായവർ

ശ്രീബാലാജി മെഡിക്കൽ കോളേജ് വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, എസ്.ആർ.എം മെഡിക്കൽ കോളേജ് വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേ‌ജ് വിദ്യാർത്ഥിനി അഭിരാമി, ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജിലെ വെല്ലൂർ സ്വദേശി ഇർഫാൻ, പിതാവ് മുഹമ്മദ് ഷാഫി, ഉദിത് സൂര്യ, പിതാവ് സ്റ്റാലിൻ, ബംഗളൂരുവിലെ ഇടനിലക്കാരൻ റാഫി, ലക്നൗ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുഹമ്മദ് ഷാഫി, ഷെഫീൻ.

2016ൽ കേന്ദ്ര സർക്കാർ പൂട്ടിച്ച കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ 36 വിദ്യാർത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

'രാജ്യമാകെ ബന്ധമുള്ള റാക്കറ്റാണ് തട്ടിപ്പിന് പിന്നിൽ. സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകണം".

- എം.കെ. സ്റ്റാലിൻ, ഡി.എം.കെ അദ്ധ്യക്ഷൻ