ipo

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) പ്രാരംഭ ഓഹരി വില്‌പനയ്ക്ക് (ഐ.പി.ഒ) നിക്ഷേപകരിൽ നിന്ന് ലഭിച്ചത് വൻ പ്രതികരണം. 645 കോടി രൂപ ലക്ഷ്യമിട്ട് 2.02 കോടി ഓഹരികളാണ് വില്‌പനയ്ക്കു വച്ചത്. എന്നാൽ 72,000 കോടി രൂപയുടെ 225 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ കമ്പനിക്ക് ലഭിച്ചുവെന്ന് നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻ.എസ്.ഇ) വ്യക്തമാക്കി.

ലക്ഷ്യമിട്ടതിനേക്കാൾ 112 മടങ്ങ് അപേക്ഷകളാണ് ഐ.ആർ.സി.ടി.സിയുടെ ഐ.പി.ഒ നേടിയത്. യോഗ്യരായ നിക്ഷേപകരിൽ (ക്യൂ.ഐ.പി) നിന്ന് 108.79 മടങ്ങും ധനേതര സ്ഥാപന നിക്ഷേപകരിൽ നിന്ന് (എൻ.ഐ.ഐ) 354.52 മടങ്ങും അപേക്ഷകൾ ലഭിച്ചു. 14.65 മടങ്ങ് വർദ്ധനയാണ് റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. ഓഹരിയൊന്ന് 315-320 രൂപയിലായിരുന്നു വില്‌പന. 1.60 ലക്ഷം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായി മാറ്റിവച്ചിരുന്നു.

ഐ.പി.ഒയ്ക്ക് ശേഷം ഐ.ആർ.സി.ടി.സിയിൽ 87.4 ശതമാനം ഓഹരികൾ കേന്ദ്രസർക്കാർ തന്നെ കൈവശം വയ്‌ക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്‌ചിത ഓഹരി വിറ്റഴിച്ച് വരുമാനം നേടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഐ.ആർ.സി.ടി.സിയുടെ ഓഹരി വില്‌പന. റെയിൽവേ ടിക്കറ്റുകൾ ഓൺലൈനായി വിറ്റഴിക്കുന്ന സ്ഥാപനമാണ് ഐ.ആർ.സി.ടി.സി. പുറമേ കുടിവെള്ള വിതരണവും ഓൺലൈനായി കാറ്രറിംഗ് സേവനവും നൽകുന്നു. ആഭ്യന്തര - വിദേശ വിനോദയാത്രാ, തീർത്ഥാടന പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്.

₹6,000 കോടി

നടപ്പുവർഷം ജൂലായ്-സെപ്‌തംബർ കാലയളവിൽ ഇന്ത്യൻ കമ്പനികൾ പ്രാരംഭ ഓഹരി വില്‌പനയിലൂടെ (ഐ.പി.ഒ) സമാഹരിച്ചത് 86 കോടി ഡോളർ (ഏകദേശം 6,000 കോടി രൂപ). പത്തു കമ്പനികളാണ് ഐ.പി.ഒയിലൂടെ പുതുതായി ഓഹരി വിപണിയിലെത്തിയത്. മുൻവർഷത്തെ സമാന കാലയളവിൽ സമാഹരിക്കപ്പെട്ടത് 87 കോടി ഡോളറായിരുന്നു.