ശ്രീനഗർ: ജമ്മുകാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് അധികൃതർ.. ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ അടക്കമുള്ളവരാണ് വീട്ടുതടങ്കലിൽ കഴിയുന്നത്. നേതാക്കളെ തടവിലാക്കിയിട്ട് 60 ദിവസം പിന്നിടുമ്പോവാണ് മോചനത്തിന് വഴിതുറക്കുന്നത്..
ഓരോരുത്തരെക്കുറിച്ചും വിലയിരുത്തിയ ശേഷമാവും മോചിപ്പിക്കുകയെന്ന് ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ജമ്മു മേഖലയിലെ നേതാക്കളെ അധികൃതർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാശ്മീരിലെയും നേതാക്കളെ മോചിപ്പിക്കുമെന്ന് അധികൃതർ സൂചന നൽകിയത്.. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനും പിന്നാലെയാണ് നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
എന്നാൽ ബ്ലോക്ക് വികസന സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മു മേഖലയിലെ നേതാക്കളെ കഴിഞ്ഞ ദിവസം മോചിപ്പിച്ച് തുടങ്ങിയിരുന്നു. ഒക്ടോബർ 24 ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.