ഇസ്ലാമബാദ്:രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും അന്താരാഷ്‌ട്ര വേദികളിൽ കൂടുതൽ ഒറ്റപ്പെടുകയും ചെയ്‌തതോടെ പാകിസ്ഥാൻ വീണ്ടും ഒരു പട്ടാള അട്ടിമറിയിലേക്ക് നീങ്ങുകയാണെന്ന സംശയം ബലപ്പെടുന്നു.
രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സൈന്യം പിടിമുറുക്കുന്നതിന്റെ ഭാഗമായി, പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും സുരക്ഷാ ചുമതലയുള്ള ഓഫീസർമാരുടെയും സൈനികരുടെയും അവധി റദ്ദാക്കിയതും രാജ്യത്തെ ബിസിനസ് നേതാക്കളുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും യോഗം വിളിച്ചു കൂട്ടിയതുമാണ് ഈ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം.
ബുധനാഴ്ച പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിദ്ധ്യമില്ലാതെയായിരുന്നു
ബിസിനസ് നേതാക്കളുമായുള്ള ബജ്‌വയുടെ ചർച്ച. അമേരിക്കയുടെയും മറ്റും ഉപരോധത്തെ തുടർന്ന് തകർന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള
ആലോചനയാണ് നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കൊല്ലം മൂന്നാം തവണയാണ് ബജ്‌വ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നത്. കറാച്ചിയിലെയും റാവൽ പിണ്ടിയിലെയും അതീവ സുരക്ഷയുള്ള പട്ടാള ഓഫീസുകളിലാണ് ഈ ചർച്ചകൾ നടന്നത്.
അതേസമയം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും പ്രസിഡന്റ് അരീഫ് ആൽവിയുടെയും സുരക്ഷാ ചുമതലയുള്ള 111ാം ഇൻഫൻട്രി ബ്രിഗേഡിലെ ഓഫീസർമാരുടെയും സൈനികരുടെയും അവധിയാണ് ഇന്നലെ ബജ്‌വ റദ്ദാക്കിയത്. അവധിയിലായിരുന്നവരോട് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാനും ഉത്തരവിട്ടു
പാകിസ്ഥാനിലെ നാല് പട്ടാള അട്ടിമറികളിൽ രണ്ടിലും നിർണായക പങ്ക് വഹിച്ച സേനാ വിഭാഗമാണ് 111ാം ഇൻഫൻട്രി ബ്രിഗേഡ്. അട്ടിമറി ബ്രിഗേഡ് എന്ന ദുഷ്‌പേരും ഈ സേനയ്ക്കുണ്ട്.
2018ലെ തിരഞ്ഞെടുപ്പിൽ പട്ടാളത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ തെഹിരീക് ഇ ഇൻസാപ് പാർട്ടിയും അദികാരത്തിലെത്തിയത്. എന്നാൽ ബാലാക്കോട്ടും പിന്നീട് കാശ്മീരും ഉൾപ്പെടെ ഇന്ത്യയുടെ അതിശക്തമായ സൈനിക നടപടികളോട് പിടിച്ചു നിൽക്കുന്നതിൽ ഇമ്രാൻ പരാജയപ്പെട്ടതോടെ പട്ടാളത്തിന് അദ്ദേഹത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കയാണ്. ഇമ്രാന് ഭരണകാര്യങ്ങളിൽ വേണ്ടത്ര അനുഭവ സമ്പത്തില്ലാത്തതും അദ്ദേഹത്തെ ദുർബലനാക്കി. അതേസമയം, പട്ടാളത്തിന് നിരവധി സിവിലിയൻ ഭരണകൂടങ്ങളെ കൈകാര്യംവിപുലമായ അനുഭവസമ്പത്താണുള്ളത്. എല്ലാ കാലത്തും പാകിസ്ഥാന്റെ ഭാവി നിശ്ചയിച്ചിരുന്നത് പട്ടാളവും ചാര ഏജൻസിയായ ഐ. എസ്. ഐയുമാണ്.
പട്ടാള അട്ടിമറികൾ
1958ൽ പ്രസിഡന്റ് ഇസ്‌കന്ദർ മിഴ്‌സയെ പുറത്താക്കി പട്ടാളമേധാവി ജനറൽ അയൂബ് ഖാൻ അധികാരം പിടിച്ചത് 111ാം ഇൻഫൻട്രി ബ്രിഗേഡിന്റെ സഹായത്തോടെയായിരുന്നു.
1977ൽ ഇതേ ബ്രിഗേഡിന്റെ പിന്തുണയോടെയാണ് പട്ടാള മേധാവി ജനറൽ സിയാ ഉൾ ഹഖ് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ അട്ടിമറിച്ചത്.
1969ലും 1999ലുമാണ് മറ്റ് രണ്ട് പട്ടാള അട്ടിമറികൾ നടന്നത്.