ഇസ്ലാമാബാദ്: പാകിസ്ഥാൻ വീണ്ടും പട്ടാള അട്ടിമറിയിലേക്ക് നീങ്ങുന്നവെന്ന് സംശയമുന്നയിച്ച് മാദ്ധ്യമങ്ങൾ. പാക് സെെനിക തലവൻ രാജ്യത്തെ രാജ്യത്തെ സമ്പന്നരുടെ യോഗം വിളിച്ചു ചേർത്തതാണ് ദുരൂഹത ഉയർത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇല്ലാതെയാണ് ചർച്ച നടത്തിയെന്നതും സംശയം ബലപ്പെടുത്തുന്നു.
അടുത്തിടെ ഇമ്രാൻ ഖാൻ സെെന്യത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സൈനിക മേധാവി ഖമർ ജാവേദ് വ്യവസായികളുടെ സ്വകാര്യയോഗം വിളിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവൽപിണ്ടിയിലുമാണ് യോഗം വിളിച്ചത്. എന്നാൽ യോഗം സംബന്ധിച്ച് വിശദീകരിച്ചവർ പേര് പുറത്തുവിടരുത് എന്ന നിബന്ധനയോടെയാണ് കാര്യങ്ങൾ പറഞ്ഞത്.
പാകിസ്ഥാനിൽ നടന്ന നാല് പട്ടാള അട്ടിമറികളിൽ രണ്ടെണ്ണത്തിലും 111 ബ്രിഗേഡിലെ പട്ടാളക്കാരുടെ പങ്കാളിത്തം നിർണായകമായിരുന്നു. 1958, 1969, 1977, 1999 വർഷങ്ങളിലാണ് രാജ്യത്ത് പട്ടാള അട്ടിമറികൾ നടന്നത്. 2018ൽ പട്ടാളത്തിന്റെ പിന്തുണയും ഇമ്രാൻ ഖാന്രെ വിജയത്തിന് നിർണായകമായിരുന്നു. എന്നാൽ കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാന്റെ നിലപാടുകളോട് പട്ടാളത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.