റോമും ഇരട്ട സഹോദരങ്ങളും
ഇരട്ട സഹോദരന്മാരുടെ കഥയുമായി റോം ബന്ധപ്പെട്ടിരിക്കുന്നു. റോമൂസ്, റീമസ് എന്നിവരാണ് ആ സഹോദരങ്ങൾ. ചെറുപ്പത്തിൽ അനാഥരായ ഇവരെ ഒരു ചെന്നായ വളർത്തി. റോമൂസ് റീമസിനെ കൊന്നു എന്നാണ് കഥ.
ജനങ്ങൾ
ഫ്രാൻസിലെ ക്രോമാഗ്നൺ വർഗക്കാരോട് സാദൃശ്യമുള്ള ജനങ്ങൾ താമസിച്ചിരുന്നതായി സൂചനകളുണ്ട്. പ്രാചീന ശിലായുഗത്തിലാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്. നവീന ശിലായുഗത്തിൽ മെഡിറ്ററേനിയൻ വർഗക്കാർ, മറ്റ് ജനവിഭാഗങ്ങൾ എന്നിവർ റോമിൽ താമസിച്ചിരുന്നതായി കരുതുന്നു.
അപ്പനൈൻ പർവത നിരയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് യൂറോപ്പിൽ നിന്നുള്ള ജനവിഭാഗങ്ങൾ താമസിച്ചിരുന്നു.
നീറോ ചക്രവർത്തി
റോം കത്തുമ്പോൾ വീണ വായിച്ചിരിക്കുന്ന നീറോ ചക്രവർത്തി കുപ്രസിദ്ധനാണ്. എ.ഡി 64ൽ റോമിൽ ഒരു വൻ തീപിടിത്തമുണ്ടായി. റോമിന്റെ ഭൂരിഭാഗവും കത്തിച്ചാമ്പലായി. അപ്പോൾ നീറോ ഫിഡിൽ വായിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ജൂലിയോ ക്ളാഡിയൻ രാജവംശത്തിലെ അവസാന ചക്രവർത്തിയായിരുന്നു നീറോ. എ.ഡി 37ൽ ജനിച്ച ഇദ്ദേഹം 68ൽ അന്തരിച്ചു.
റോമിന്റെ പേരിന് പിന്നിൽ
റോമൂസിൽ നിന്നാണ് റോമ സാമ്രാജ്യത്തിന് ആ പേര് ലഭിച്ചത്. ബി.സി. 753ൽ റോമൂസ് ഒരു സംഘം ആളുകളുമായി ചേർന്ന് പലാറ്റിൻ എന്ന കുന്നിലെത്തി റോമാ സാമ്രാജ്യം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു.
പലാറ്റിൻ, കാപ്പിറ്റോളിൻ മുതലായ ഏഴ് കുന്നുകൾക്ക് മുകളിലാണ് റോമാ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്.
തുടക്കത്തിൽ നഗരമായ റോം പിന്നീട് വികസിച്ച് ഒരു രാജ്യമാവുകയായിരുന്നു. പിന്നെയും അത് വളർന്നു ലോകത്തിലെ തന്നെ ഒരു മഹാസാമ്രാജ്യമായി വളർന്നു.
ലത്തീൻ സമതലം
റോമിനു ചുറ്റും നിരവധി നഗര രാഷ്ട്രങ്ങൾ രൂപംകൊണ്ടിരുന്നു. ലാറ്റിൻ ഭാഷ സംസാരിച്ചിരുന്ന ജനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. അതിനാൽ ഇവയെ ലത്തീൻ സമതലം എന്ന് പറയുന്നു.
റിപ്പബ്ളിക്കൻ കാലഘട്ടം
രാജഭരണത്തോട് വിടപറഞ്ഞ റോമിൽ റിപ്പബ്ളിക്കൻ ഭരണം ആരംഭിച്ചു. റിപ്പബ്ളിക്കൻ കാലഘട്ടത്തെ രണ്ടായി തിരിച്ചിരിക്കുന്നു.
1. പാട്രീഷ്യൻ റിപ്പബ്ളിക്
റോമിൽ തലമുറകളായി ജീവിച്ചുവന്നവർ അധികാരം തങ്ങളുടെ കുത്തകയാണ് എന്ന് വിശ്വസിച്ചു. സമ്പത്തും അധികാരവും ഇവരുടെ കൈവശമായിരുന്നു.
2. പിബ്ളിയൻ റിപ്പബ്ളിക്
പല കാലങ്ങളായി പുറത്ത് നിന്നും റോമിൽ എത്തിയവർ ക്ക് പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നില്ല.
സെനറ്റ്, എക്സിക്യൂട്ടീവ്, അസംബ്ളി എന്നിങ്ങനെ 3 വിഭാഗങ്ങൾ റിപ്പബ്ളിക് ഭരണത്തിലുണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ അധികാരമുള്ളത് സെനറ്റിനായിരുന്നു. സമൂഹത്തിൽ അധികാരമുള്ള ഉന്നതരുടെ കൂട്ടായ്മയായ സെനറ്റാണ് തീരുമാനങ്ങളെടുത്തിരുന്നത്. സമ്പത്തിന് മുൻതൂക്കം നൽകിയതായിരുന്നു രണ്ടാം ഘട്ടത്തിലെ സെനറ്റ്.
എ.ഡി 324ൽ കോൺസ്റ്റന്റൈൻ റോമാ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തിയാണ് ഇദ്ദേഹം. കരിങ്കടലിന്റെ തീരത്ത് ഇദ്ദേഹം പണിത തലസ്ഥാന നഗരമാണ് കോൺസ്റ്റാന്റിനോപ്പിൾ.
രാജാക്കന്മാർ
റോമിലെ ആദ്യത്തെ രാജാവ് റോമൂസാണ്. രാജഭരണമായിരുന്നു. ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പായിരുന്നില്ല റോമിൽ. ഓരോ കുടുംബത്തിലെയും മുതിർന്നവർ ചേർന്ന് സെനറ്റ് എന്ന സഭ രൂപീകരിച്ചു. ഇതിൽ നിന്ന് ഒരാളെ രാജാവായി തിരഞ്ഞെടുക്കുന്നതായിരുന്നു രീതി.
സെനറ്റിന്റെ നിയന്ത്രണം രാജാവിന് മേൽ ഉണ്ടായിരുന്നു. സർവ സൈന്യാധിപനും ന്യായാധിപനും രാജാവായിരുന്നു.
സാധാരണക്കാർ അംഗങ്ങളായ കൊമീഷ്യ ക്യൂറിയാറ്റ എന്ന സംഘടനയും നിലവിൽ വന്നിരുന്നു. എന്നാൽ സാധാരണക്കാർ പറയുന്നതിനൊന്നും പരിഗണനയുണ്ടായിരുന്നില്ല. ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് റോമാക്കാർ യുദ്ധം ചെയ്ത് തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചു. ആദ്യത്തെ രാജാവായ റോമുലസിന്റെ കാലത്തിനുശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും റോമാ സാമ്രാജ്യം വലിയ വികാസം നേടി. അപ്പനൈൻ പർവതത്തിനും മെഡിറ്ററേനിയൻ കടലിനുമിടയിലായി റോമാ സാമ്രാജ്യം .
എട്രൂസ്ക്കന്മാർ
എട്രൂസ്ക്കൻമാർ എന്നൊരു വിഭാഗം റോം ഭരിച്ചിരുന്നു. ഗ്രീക്കുകാരുമായി ഇവർ വാണിജ്യത്തിലേർപ്പെട്ടിരുന്നു. കിഴക്ക് നിന്നുള്ള സംസ്കാരം റോമിൽ എത്തിയത് ഇതുവഴിയാണ്.
ഗ്രീക്ക് അക്ഷരമാല, ചിത്രകല, കൊത്തുപണി, തച്ചുശാസ്ത്രം, യുദ്ധ തന്ത്രങ്ങൾ എന്നിവ റോമിലെത്തി. എന്നാൽ എട്രൂസ്ക്കൻമാർ റോം ഭരിച്ചിരുന്നത് ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. ബി.സി 51ൽ എട്രൂസ്ക്കൻമാർ ഭരണം നിറുത്തി. എട്രൂറിയ ആയിരുന്നു ഇവരുടെ തലസ്ഥാനം.
റോമിന്റെ വടക്ക് പടിഞ്ഞാറായി ടസ്കനി എന്ന പേരിൽ എട്രൂറിയ സ്ഥിതി ചെയ്യുന്നു.
ഗ്ളാഡിയേറ്റർമാരുടെ പോരാട്ടങ്ങൾ എട്രൂസ്ക്കന്മാരുടെ സംഭാവനയാണ്.
പോരാട്ട മത്സരങ്ങൾ, മൃഗബലി എന്നീ ആചാരങ്ങൾ റോമിലെത്തിച്ചത് എട്രൂസ്ക്കന്മാരാണ്. ഇവ പിന്നീട് റോമിന്റെ ഭാഗമായി.
ബാർബേറിയന്മാർ
റോമിന്റെ വടക്കേ അതിർത്തിയിൽ താമസിച്ച ഗോത്രവർഗക്കാർ. അപരിഷ്കൃതമായതിനാൽ ബാർബേറിയന്മാർ എന്ന് വിളിക്കപ്പെട്ടു. പല വർഗക്കാർ ചേർന്നതായിരുന്നു ബാർബേറിയൻമാർ. കെൽവുകൾ, വാൻഡലുകൾ എന്നിങ്ങനെ പല വിഭാഗങ്ങളെ ബാർബേറിയൻമാർ എന്ന് വിളിച്ചു.
പേരുപോലെ തന്നെ എഴുത്തും വായനയും അറിയാത്തവരാണ് ബാർബേറിയന്മാർ. കൃഷിയിലും നായാട്ടിലും ഏർപ്പെട്ട ഇവർ കരകൗശല വസ്തുക്കളും ആഭരണങ്ങളും നിർമ്മിച്ചിരുന്നു.
എ.ഡി 4-ാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയിൽ നിന്നും കുടിയേറിയ ഹൂണന്മാർ ബാർബേറിയൻമാരെ കീഴടക്കി. അവരുടെ പ്രദേശങ്ങൾ കൈയടക്കി.
റോമിന്റെ പതനം
കോൺസ്റ്റന്റൈനുശേഷം അധികാരത്തിലെത്തിയ സഹോദരങ്ങളായ വാലൻസും വാലന്റൈൻ ഒന്നാമനും റോമിനെ വീതിച്ച് ഭരിച്ചു. പിന്നീട് വന്ന തിയോഡേഷ്യസ് ഒന്നാമൻ ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. പിന്നീട് ഇദ്ദേഹം തന്നെ റോമിനെ രണ്ടായി വിഭജിച്ചു.
രണ്ടു ഭാഗങ്ങളുടെയും അധികാരം തന്റെ രണ്ട് പുത്രൻമാർക്കായി പകുത്തുകൊടുത്തു. പശ്ചിമ സാമ്രാജ്യത്തിന്റെ അധികാരം ഹൊണോറിയസും പൂർവ്വ സാമ്രാജ്യത്തിന്റെ ഭരണം ആർക്കോഡിയസും നിർവ്വഹിച്ചു. എ.ഡി 395 ലാണ് ഈ വിഭജനം നിലവിൽ വന്നത്.
ബാർബേറിയന്മാരുടെ തുടർച്ചയായ ആക്രമണം കാരണം പശ്ചിമ സാമ്രാജ്യം ക്ഷയിച്ചുകൊണ്ടിരുന്നു. എ.ഡി 400 നു ശേഷം റോമാ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ശത്രുക്കളുടെ കൈയിലായി. എ.ഡി 476ൽ റോമുസ് അഗസ്റ്റസ് പശ്ചിമ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരിക്കെ അധികാര ഭ്രഷ്ടനാക്കി. എന്നാൽ പിന്നെയും ആയിരം വർഷം കൂടി പൂർവ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ രണ്ട് സാമ്രാജ്യങ്ങളെയും ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നു.
തുർക്കികൾ 1453ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. അതോടെ പൂർവ സാമ്രാജ്യവും ഇല്ലാതായി. ഇതോടുകൂടി റോമിന്റെ പതനം പൂർണമായി.