cashew-nuts-

ഗുരുവായൂർ: ക്ഷേത്രത്തിൽ തുലാഭാരത്തിന് കൊണ്ടുവന്ന പത്ത് കിലോ കശുഅണ്ടി മോഷണം പോയതിനെ തുടർന്ന് തുലാഭാരം കരാറുകാരന്റെ കരാർ റദ്ദാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കരാറുകാരൻ മനോജ് ഇയാളുടെ സഹായി പ്രമോദ് എന്നിവർക്കെതിരെ ടെമ്പിൾ പൊലീസിൽ ദേവസ്വം പരാതിയും നൽകിയതായി ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പത്ത് കിലോ മേൽത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്ന് കാണാതായത്. ഒരു ഭക്തൻ അയാളുടെ കുട്ടിക്ക് തുലാഭാരം നടത്തി സമർപ്പിച്ചതായിരുന്നു കശുഅണ്ടി. ഭക്തർ കൊണ്ടുവരുന്ന സാധനങ്ങൾ കൊണ്ട് തുലാഭാരം നടത്തിയാൽ ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ക്ഷേത്രം ജീവനക്കാരായ ക്ലർക്കുമാരുടെ ചുമതലയിൽ ഏൽപ്പിക്കുകയാണ് പതിവ്.

എന്നാൽ തുലാഭാരം നടത്തിയ ശേഷം കശുഅണ്ടി ക്ഷേത്രം ജീവനക്കാരെ ഏൽപ്പിക്കുകയോ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ ചെയ്യാതെ മാറ്റിവച്ച് ജീവനക്കാരുടെ ശ്രദ്ധ പതിയാത്തവിധം ക്ഷേത്രം തുലാഭാരം കൗണ്ടറിനു സമീപത്തുനിന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു കരാറുകാരൻ ചെയ്തതെന്ന് ചെയർമാൻ അറിയിച്ചു.

തുലാഭാരം നടത്തിയ കശുഅണ്ടിപ്പരിപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്താതിരിക്കുകയും തുലാഭാര കൗണ്ടറിൽ നിന്നും നഷ്ടപ്പെട്ടതായും കണ്ടെത്തിയതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമായതെന്ന് ചെയർമാൻ പറഞ്ഞു. ഇതേത്തുടർന്നാണ് ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതിയോഗം കരാറുകാരന്റെ കരാർ റദ്ദാക്കുന്നതിനും കരാറുകാരനെയും സഹായിയെയും കരിമ്പട്ടികയിൽപ്പെടുത്തുന്നതിനും തീരുമാനിച്ചത്.

തുലാഭാരം കൗണ്ടറിന്റെ നടത്തിപ്പ് തുലാഭാരം വഴിപാട് നടത്തുന്നതിനായി ടെൻഡർ നടത്തിയതിൽ തൊട്ടടുത്ത നിരക്ക് രേഖപ്പെടുത്തിയ മുൻ വർഷത്തെ കരാറുകാരനെ ഏൽപ്പിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചു. ഇന്നലെ അത്താഴ പൂജയ്ക്ക് ശേഷം പുതിയ കരാറുകാരന് പ്രവൃത്തി കൈമാറുകയും ചെയ്തു. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം. വിജയൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ പങ്കെടുത്തു