crime-

പഴയന്നൂർ : മദ്യപിച്ച ശേഷം ബില്ലടയ്ക്കാതിരുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ സിനിമ സ്റ്റൈലിൽ ബാർ അടിച്ചുതകർത്ത യുവാക്കൾ പിടിയിൽ. പൂങ്കുന്നം സ്വദേശിയായ വൈശാഖ്, അഞ്ചേരി സ്വദേശി വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. പഴയന്നൂർ രാജ് ബാർ ഹോട്ടലിൽ നിന്നും മദ്യപിച്ച രണ്ട് യുവാക്കൾ ബിൽ തുകയായ 950 രൂപ നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ബാറിലെ സപ്ലൈയർ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് ആക്രമണത്തിന് പ്രകോപനമായത്. സ്ഥലംവിട്ട യുവാക്കൾ രാത്രി നാല് നായ്ക്കളുമായി തിരിച്ചെത്തി വൻഅക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമികൾ റസ്റ്റോറന്റിന്റെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ലോക്കൽ ബാറിനുള്ളിൽ വടിവാൾ വീശി ആൾക്കാരെ ഓടിച്ചു. കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത് വധഭീഷണി മുഴക്കി. നായ്ക്കൾ കുരച്ച് ആളുകളെ കടിക്കാനാഞ്ഞതോടെ ഇവയെ കണ്ട് പേടിച്ച് ബാർ ജീവനക്കാരും ബാറിലെത്തിയവരും ഇറങ്ങിയോടി. ബാറിലെ ജീവനക്കാരായ മൂന്ന് പേർക്ക് അക്രമത്തിനിടെ പരിക്കേറ്റു.

നായ്ക്കളെ പരിശീലിപ്പിക്കാൻ പഴയന്നൂരിലെത്തിയവരാണ് യുവാക്കൾ. ഇവർ സ്ഥിരമായി എവിടെയും തങ്ങാറില്ല. ബാറിൽ അക്രമം നടത്തിയ ദിവസം പരിശീലിപ്പിക്കുന്നതിനായി യുവാക്കളെ ഏൽപ്പിച്ചിരുന്ന മുന്തിയ ഇനത്തിലെ നായ ചത്തിരുന്നു. ഇതിന്റെ ദുഖത്തിലാണ് യുവാക്കൾ ബാറിലെത്തി മദ്യപിച്ചത്. 950 രൂപയുടെ ബിൽ നൽകാൻ കാശില്ലയെന്ന് അറിയിച്ചതോടെയാണ് മൊബൈൽ വാങ്ങി വയ്ക്കാൻ ബാർ ജീവനക്കാർ തീരുമാനിച്ചത്. ഇത് തിരിച്ചെടുക്കാനായിട്ടാണ് നാല് നായ്ക്കളുമായി യുവാക്കൾ ബാർ ആക്രമിച്ചത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ബാർ മാനേജർ വേണു പറഞ്ഞു. യുവാക്കളുടെ അക്രമ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞത് പുറത്തുവന്നിരുന്നു.