ന്യൂഡൽഹി: രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 50 ഓളം സിനിമാ-സാംസ്കാരിക പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബീഹാറിലെ മുസഫർപൂർ പൊലീസാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഴുത്തുകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണി രത്നം, അടൂർ ഗോപാലകൃഷ്ണൻ, അപർണ സെൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്ന കാര്യങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ച് അഭിഭാഷകനായ സുധീർകുമാർ ഓജ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സുധീർ കുമാർ ഓജ സമർപ്പിച്ച ഹരജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി രണ്ടു മാസം മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തൽ, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീരാമന്റെ പേര് രാജ്യത്ത് കൊലപാതകങ്ങൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ 50 സിനിമാ പ്രവർത്തകർ കത്തെഴുതിയത് . രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
'നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതർക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' സിനിമാപ്രവർത്തകർ കത്തിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.