ന്യൂഡൽഹി : യുദ്ധത്തിലും, ക്രിക്കറ്റിലും മാത്രമല്ല നിയമയുദ്ധത്തിലും പാകിസ്ഥാനെ തോൽപ്പിച്ചുള്ള ഇന്ത്യൻ വിജയങ്ങൾക്ക് മാധുര്യമേറെയാണ്. ഇന്ത്യാ വിഭജനത്തിന് ശേഷം ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്ത് ലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശ വാദം തള്ളിയ ബ്രിട്ടീഷ് ഹൈക്കോടതി ഇന്ത്യാ ഗവൺമെന്റിനും നൈസാമിന്റെ പിൻഗാമികൾക്കും അനുകൂലമായി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. വിധിപ്രകാരം ഇന്ത്യൻ സർക്കാരിനൊപ്പം നൈസാമിന്റെ പിന്തുടർച്ചക്കാരായ നൂറ്റിഇരുപതോളം പേർക്കായി മുന്നൂറ്റി ആറ് കോടി രൂപ വീതിച്ചു നൽകും. രാജകുടുംബമായി അടുത്ത ബന്ധമുള്ള കുറച്ചു പേരൊഴികെയുള്ളവർ കഷ്ടതയിലാണു ജീവിക്കുന്നത്. ഇവർക്കും വലിയ അനുഗ്രഹമായി കോടതിവിധി.
എന്താണ് ഹൈദരാബാദ് ഫണ്ട് ?
പണത്തിന്റെ മൂല്യത്തേക്കാൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്നമായാണു 'ഹൈദരാബാദ് ഫണ്ട്' എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ ഇരുരാജ്യങ്ങളും കണ്ടിരുന്നത്. 1948ലാണ് ഏഴാമത്തെ നൈസാമായ മിർ ഉസ്മാൻ അലിഖാൻ 10,07,940 പൗണ്ടും ഒൻപത് ഷില്ലിംഗും ലണ്ടനിലെ നാഷണൽ വെസ്റ്റ്മിൻസ്റ്റർ ബാങ്കിൽ നിക്ഷേപിച്ചത്. പാകിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷണർ ഹബീബ് ഇബ്രാഹിം റഹീം തൂലയെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഹബീബ് ഇബ്രാഹിം പണം ഉത്തമ വിശ്വാസത്തോടെ സൂക്ഷിക്കാമെന്ന് സമ്മതിക്കുകയും ചെയ്തരുന്നു. ഏഴ് പതിറ്റാണ്ട് കൊണ്ട് ആ തുക പലിശ സഹിതം ഇപ്പോൾ 35 ദശലക്ഷം പൗണ്ട് (ഏകദേശം 300 കോടി രൂപ ) ആയി വർദ്ധിച്ചു.
വീണ്ടും കുത്തിപ്പൊക്കിയത് പാകിസ്ഥാൻ, ജയിച്ചത് ഇന്ത്യയും
നീണ്ടവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നൈസാം നിക്ഷേപിച്ച തുകയ്ക്കായി പാകിസ്ഥാൻ രംഗത്തെത്തിയത്. ബ്രിട്ടനിലെ നാഷണൽ വെസ്റ്റ്മിൻസ്റ്റർ ബാങ്കിലേക്ക് പാകിസ്ഥാൻ തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതോടെയാണ് കേസ് വീണ്ടും പൊടിതട്ടിയെടുക്കേണ്ടി വന്നത്. പണത്തിനായുള്ള ഇന്ത്യയുടെ വാദങ്ങളുടെ കാലാവധി കഴിഞ്ഞുവെന്ന ന്യായമാണ് പാകിസ്ഥാൻ മുന്നോട്ട് വച്ചത്. എന്നാൽ പാക് വാദങ്ങളുടെ മുനയൊടിച്ച് കേസിന്റെ വഴിയേ നീങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്. കോടതിയിൽ വാദത്തിനിടെ ഹൈദരാബാദ് ഇന്ത്യ നിയമവിരുദ്ധമായിട്ടാണ് സ്വന്തമാക്കിയതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ കോടതി ഇടപെട്ട് ഇത്തരത്തിലുള്ള പാക് വാദങ്ങൾ തടയുകയായിരുന്നു.
ഹരീഷ് സാൽവയുടെ രണ്ടാം വിജയം
പാകിസ്ഥാൻ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വ്യാജ തെളിവുകൾ നിരത്തി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരനായ കുൽഭൂഷൻ ജാദവിനുവേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയാണ് ഹൈദരാബാദ് ഫണ്ട് കേസിലും ബ്രിട്ടീഷ് കോടതിയിൽ ഹാജരായത്. കേവലം ഒരു രൂപമാത്രം ഫീസായി വാങ്ങി കുൽഭൂഷൻ ജാദവിനെ മരണക്കയറിൽ നിന്നും മോചിതനാക്കിയ ഹരീഷ് സാൽവെ നൈസാം കേസിനായി ഹാജരാവാൻ എത്ര രൂപ ഫീസായി വാങ്ങിയെന്നത് വ്യക്തമല്ല. അതേ സമയം അടുത്തിടെ രണ്ടു കേസുകളിൽ ബദ്ധവൈരികളായ പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയതിന്റെ ഖ്യാതി ഹരീഷ് സാൽവെയ്ക്ക് സ്വന്തമാവുകയാണ്.