ന്യൂഡൽഹി: തീരദേശ പരിപാലനനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ ഒരു ഭേദഗതിയും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് സമയം നീട്ടി നൽകണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് അഭിഭാഷകർക്ക് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി. ഫ്ലാറ്റ് പൊളിച്ചാൽ തങ്ങൾ എങ്ങോട്ട് പോകുമെന്ന ആശങ്കയാണ് ഉടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മാത്യൂ നെടുമ്പാറ കോടതിയെ അറിയിച്ചത്. എന്നാൽ സമയപരിധിയിൽ ഒരു മണിക്കൂർ പോലും സമയം നീട്ടിനൽകാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
സമയം നീട്ടി നൽകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ക്ഷുഭിതനായ ജസ്റ്റിസ് അരുൺ മിശ്ര അഭിഭാഷകരോട് കോടതിയിൽ നിന്നും ഇറങ്ങിപ്പോകാൻ നിർദ്ദേശിക്കുകയായിരുന്നു. കോടതിക്കകത്ത് ശബ്ദം വയ്ക്കരുതെന്നും ശബ്ദം വച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. ഇതുമായി ബന്ധപ്പെട്ട് ഒരു ആവശ്യവും അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി ആവർത്തിച്ചു. മരട് ഫ്ലാറ്റ് പൊളിക്കുന്നതിനായി ഒരാഴ്ച കൂടി നീട്ടിനൽകണമെന്ന ആവശ്യവുമായാണ് ഉടമകൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, ആഴ്‌ചകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ, ഭൂരിപക്ഷം പേരും താമസം മാറി. ഇന്നു മുതൽ ഇവിടെ താമസിക്കാൻ ഫ്ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങൾ മാറ്റാൻ സമയം നീട്ടി നൽകാൻ പൊലീസ് സമ്മതിച്ചിട്ടുണ്ട്. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നൽകിയാൽ സാധനങ്ങൾ നീക്കാൻ 9ാം തീയതി വരെ സമയം നൽകും. സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് രേഖ ആവശ്യപ്പെട്ടത്.
കൂടുതൽ പേരും സ്വയം കണ്ടുപിടിച്ച ഫ്ലാറ്റുകളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറിയത്.വീട്ടുസാധനങ്ങൾ മാറ്റാൻ സമയം നീട്ടി നൽകണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. എത്ര സമയം വേണമെന്ന് ഓരോരുത്തരും പ്രത്യേകം അപേക്ഷ നൽകിയാൽ അതിനനുസരിച്ച് പരിഗണിക്കാമെന്ന് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി ഇന്നലെ വൈകിട്ട് ഉടമകളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.