adoor
അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനെ തുടർന്ന് 50 ഓളം സിനിമാ-സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. സർക്കാരിനെതിരെയോ ഭരണകൂടത്തിനെതിരെയോ ഒരു വ്യക്തിക്ക് എതിരെയോ അയച്ച ഒരു പ്രസ്താവനയല്ല കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് ഒരു അനീതി നടക്കുന്നുവെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് ആ കത്ത് എഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അടൂർ.

അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ

'പ്രധാനമന്ത്രിക്കയച്ച കത്തിൽ ഒപ്പിട്ടിരിക്കുന്ന 49 പേരിൽ ആരും രാഷ്ട്രീയക്കാരല്ല. ധിക്കാരപരമായി അല്ല, വളരെ വിനീതമായി എഴുതിയതാണ്. രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായിട്ടു നിലനിൽക്കുന്നു എന്നു വിശ്വസിച്ചാണ് കത്തെഴുതിയത്. ശരിയായ അർത്ഥത്തിൽ അതിനെ മനസിലാക്കി എന്താണ് ചെയ്യേണ്ടതെന്ന് പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അതിശയമായി തോന്നിയത്. തന്നോട് ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞവർ ഇനി ബീഹാർ ജയിലിലോട്ട് പോകാൻ പറയും.

ഗാന്ധിജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പൊള്ളയായ പ്രതിമ ഉണ്ടാക്കി അതിൽ വെടിവച്ച് ഒരു സംഘമാളുകൾ ആഘോഷിച്ചു. അതിന്‌ നേതൃത്വം നൽകിയ സ്ത്രീ ഇന്ന് എം.പിയാണ്. ഗാന്ധിജിയെ വെടിവച്ചു കൊന്ന ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും ഇന്ന് എം.പിയാണ്. ഇവരാരും രാജ്യദ്രോഹികളല്ല. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണ്. ഈ രാജ്യത്ത് എന്താ നടക്കുന്നതെന്ന് നമുക്ക് മനസിലാവുന്നില്ല.'