cm

ദുബായ്: അവധിക്കാലത്ത് വൻയാത്രാക്കൂലി ചുമത്തി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശേഷ അവസരങ്ങളിൽ നീതിയില്ലാതെ എത്രയോ ഇരട്ടി തുകയാണ് ഈടാക്കുന്നതെന്നും, ഇതിനെപ്പറ്റി കേന്ദ്ര വ്യോമായന മന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സമയങ്ങളിൽ കൂടുതൽ വിമാനങ്ങൾ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ അറിയിച്ചു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് പ്രവാസികളോട് വലിയ കടപ്പാടുണ്ടെന്നും,കേരളത്തിലെ പച്ചപ്പിന് പ്രധാനകാരണം പ്രവാസി സമൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവാസി ക്ഷേമം മുൻനിർത്തി നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി ചിട്ടിയും, പ്രവാസി നിക്ഷേപ സമാഹരണവും എല്ലാവരും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസികളെ സർക്കാർ സഹായിക്കുമെന്നും, മടങ്ങിവരുന്ന പ്രവാസികൾക്ക് സംരഭം തുടങ്ങാൻ 30 ലക്ഷം വായ്പ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നിന്ന് ഇന്നലെ വൈകീട്ട് എയർ ഇന്ത്യ വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഇന്ന് വൈകീട്ട് നടക്കുന്ന നിക്ഷേപ സംരഭകരുടെ സംഗമത്തിൽ പിണറായി വിജയൻ പങ്കെടുക്കും. സാധാരണ പ്രവാസികളിൽ നിന്ന് കൂടുതൽ നിക്ഷേപം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.