spike

ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒരു ശമനമില്ലാതെ തുടരുകയാണ്. ഇതിനെ തുടർന്ന് ഇന്ത്യ പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് കരുത്തുപകരാനും ശത്രു ടാങ്കറുകളെ ഞൊടിയിടയിൽ നശിപ്പിക്കാനും ശേഷിയുള്ള ഇസ്രയേൽ സ്പൈക്ക് മിസൈൽ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിയതായി റിപ്പോർട്ട്. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനി റാഫേൽ നിർമിക്കുന്ന സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എ.ടി.ജി.എം) സേന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഈ നീക്കത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ മുട്ടുവിറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഡി.ആർ.ഡി.ഒ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മിസൈലുകൾ യാഥാർത്ഥ്യമാക്കുന്നതുവരെ ഇത്തരം മിസൈലുകൾ ഇന്ത്യ ഇസ്രയേലിൽ നിന്നും വാങ്ങേണ്ടി വരും. ഇപ്പോൾ ഡസൻ ലോഞ്ചറുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഇന്ത്യയിൽ പത്ത് ദിവസത്തിന് മുമ്പ് എത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തിന് ശേഷമാണ് സ്പൈക്ക് മിസൈലുകളുടെ അഭാവം പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞത്. അതേസമയം, പരീക്ഷണങ്ങളിൽ ‘പരാജയപ്പെട്ട’ സ്പൈക് മിസൈലുകൾ വാങ്ങുന്നതിൽ പ്രതിരോധ മന്ത്രാലയത്തിലെ ചിലർ‌ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സൈനികർക്ക് കൈയിൽ കൊണ്ടുപോകാവുന്ന 'ഫയർ ആൻഡ് ഫൊർഗെറ്റ്' ഇനത്തിൽപ്പെട്ട മിസൈലാണ് സ്പൈക്ക്. ടാങ്ക് ഉൾപ്പെടെ ചലിക്കുന്ന വസ്തുക്കളെ തകർക്കാൻ ശേഷിയുള്ള മിസൈൽ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയും. ഇന്ത്യയിലെ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസുമായി സഹകരിച്ച്‌ റാഫേൽ ഹൈദരാബാദിൽ സ്പൈക്ക് മിസൈൽ നിർമ്മിക്കാനുള്ള ഫാക്ടറിയും മറ്റും സജ്ജീകരിച്ചിരുന്നു. റാഫേൽ കൈമാറുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മിസൈൽ ഇവിടെ നിർമ്മിക്കാനാണ് ധാരണ. അമേരിക്കയുടെ ജാവലിൻ മിസൈലുകളെ മറികടന്നാണ് 2014ൽ ഇന്ത്യ സ്പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്. നിലവിൽ 26 രാജ്യങ്ങളാണ് സ്പൈക്ക് മിസൈലുകൾ ഉപയോഗിക്കുന്നത്.

മിലൻ-2ടി, കൊങ്കൂർസ് മിസൈൽ എന്നിവയ്ക്കു പകരമാകാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന സ്പൈക് മിസൈലുകൾക്കു സാധിക്കുമെന്നാണു നിഗമനം. പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ച കരാറിനെ മറികടന്ന് ‘അടിയന്തര കരസ്ഥമാക്കൽ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സേന ഇപ്പോൾ സ്പൈക് മിസൈൽ വാങ്ങിയത്. അടിയന്തര സാഹചര്യങ്ങളിൽ മൂന്ന് സൈനിക ഉപമേധാവികൾക്ക് 500 കോടി രൂപ വരെ ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറിൽ കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇടപാടുകൾക്കു അനുമതി നൽകുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത സമിതിയായ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ അനുവാദം ഇത്തരം വാങ്ങലുകൾക്ക് ആവശ്യമില്ല.